ആഗോള രംഗത്തെ അനിശ്ചിതത്വത്തിനിടയിലും കരുത്തു തെളിയിച്ച് ഇന്ത്യന്‍ ഓഹരി വിപണി, മുന്നേറ്റം ശക്തമായി തുടരുന്നു

മുംബൈ: അമേരിക്കയിലെയും യൂറോപ്പിലെയും ഓഹരി വിപണികള്‍ തകര്‍ച്ചയെ നേരിടുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണി കരുത്തു കാണിച്ചു മുന്നേറ്റം തുടരുന്നു. കഴിഞ്ഞ ഏഴു വ്യാപാര ദിനങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യന്‍ വിപണി തളര്‍ച്ച കാണിച്ചതെങ്കില്‍ പാശ്ചാത്യ വിപണികള്‍ ഒരു ദിവസം മാത്രമാണ് മുന്നേറ്റം കാഴ്ചവച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ)രംഗത്തെ സംബന്ധിച്ച ആശങ്കകളാണ് ആഗോളതലത്തിലെ മുന്‍നിര ഓഹരി വിപണികളെ പിന്നോട്ടടിച്ചത്. എന്‍വിഡിയ അടക്കമുള്ള വന്‍കിട കമ്പനികളുടെയെല്ലാം ഓഹരികള്‍ കനത്ത വില്‍പന സമ്മര്‍ദത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സികളും ഇതിനൊപ്പം തകര്‍ച്ചയിലാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നേക്കുമെന്നുള്ള പ്രതീക്ഷകള്‍ ഇന്ത്യന്‍ വിപണിക്ക് ആവേശമായി ഇപ്പോഴും തുടരുകയാണ്.

ഇന്ത്യന്‍ വിപണിക്ക് അനുകൂലമായി നിരവധി ഘടകങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ടെക് കമ്പനികളുടെ സ്വാധീനം ഇന്ത്യന്‍ വിപണിയില്‍ തീരെ കുറവായതിനാല്‍ ആ രംഗത്തുള്ള പ്രതിസന്ധി നേരിട്ട് ബാധിക്കുന്ന അവസ്ഥ നിലവിലില്ല. ആഭ്യന്തര നിക്ഷേപകര്‍ എസ്‌ഐപികളിലൂടെ ഫണ്ട് ഒഴുക്കുന്ന സാഹചര്യമുള്ളതിനാല്‍ വിദേശ സാഹചര്യങ്ങള്‍ നേരിട്ടു ബാധിക്കുകയുമില്ല. ഏതു പ്രതികൂല സാഹചര്യത്തിലും കരുത്ത് കാണിക്കുന്നതിനാല്‍ വിദേശ നിക്ഷേപകരും ഇന്ത്യന്‍ വിപണിയോടു കൂടുതല്‍ അടുക്കാനാണ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *