സിഡ്‌നി: ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നിസ്വാര്‍ഥ സേവനമനുഷ്ഠിക്കുന്ന സ്ഥാപനമായ ഡിഎസിയുടെ ഓസ്ട്രലേഷ്യന്‍ ചാപ്റ്ററും ചോസന്‍ മ്യൂസിക് ബാന്‍ഡും ഒത്തു ചേര്‍ന്ന് സിഡ്‌നിക്കൊരുക്കുന്നത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഫാഷന്റെയും ആഘോഷ രാവ്. റിഥംസ് ആന്‍ഡ് ഡ്രീംസ് എന്നു പേരിട്ടിരിക്കുന്ന ഈ സംഗീത പ്രധാനമായ പരിപാടി നടക്കുന്നത് വെന്റ്‌വര്‍ത്ത്‌വില്ലിലെ റെഡ്ഗം ഫങ്ഷന്‍ സെന്ററിലാണ്. ഈ മാസം 29ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിയില്‍ ഓസ്‌ട്രേലിയയിലെ സംഗീത പ്രതിഭകള്‍ അരങ്ങിലെത്തുന്നു.
ജൂലൈയില്‍ സംഘടിപ്പിച്ച എംക്യൂബ് എന്ന പരിപാടിക്കു ശേഷം ആദ്യമായി ഡിഎസി ഓസ്‌ട്രേലേഷ്യന്‍ ചാപ്റ്റര്‍ നടത്തുന്ന സാംസ്‌കാരിക പരിപാടിയാണ് റിഥംസ് ആന്‍ഡ് ഡ്രീംസ്. ആന്‍ഡേഴ്‌സന്‍ അജിത്തും തനിഷ ശ്രീജിത്തുമാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് സിന്ധു സുരേഷ്.
ഈ പരിപാടിയില്‍ നിന്നു ലഭിക്കുന്ന വരുമാനം മുഴുവന്‍ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ചെലവഴിക്കുകയാണ് ചെയ്യുന്നതെന്ന് സംഘാടക സമിതിയുടെ ചുമതലയുള്ള കെ പി ജോസ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. കേരളത്തില്‍ കാസര്‍കോട് ജില്ലയിലെ ഐഐപിഡി (ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റി)യുടെ പ്രവര്‍ത്തനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും ജോസ് വെളിപ്പെടുത്തി.
പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സുരേഷ് കുട്ടിച്ചന്‍: 0424952006, 0469384761
കെ പി ജോസ്: 0419306202

