ബെംഗളൂരു: എടിഎം കൗണ്ടറിലേക്ക് പണവുമായി പോയ വാന്‍ ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന കൊള്ളയടിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വേലി തന്നെ വിളവു തിന്നുന്നു എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്ന വിധത്തില്‍ പിടിയിലായതില്‍ ഒരാള്‍ പോലീസുകാരനാണ്. ഗോവിന്ദരാജ നഗര്‍ സ്‌റ്റേഷനിലാണിയാള്‍ ജോലി ചെയ്യുന്നത്. രണ്ടാമന്‍ ഒരു മലയാളിയുമാണ്. ബാങ്കുകളുടെ എടിഎം നിറയ്ക്കുന്ന കരാര്‍ എടുത്തിരിക്കുന്ന ഏജന്‍സിയിലെ മുന്‍ ജീവനക്കാരനാണിയാള്‍. ഏഴു കോടി രൂപയാണിവര്‍ തട്ടിയെടുത്തത്.
പിടിയിലായ രണ്ടു പേരും അടുത്ത സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിലാണ് വാന്‍ കൊള്ളയടിക്കാനുള്ള തീരുമാനമെടുക്കുന്നത്. അടുത്തയിടെയാണ് മലയാളിയായ പ്രതി ജോലി ഉപേക്ഷിക്കുന്നത്. കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവര്‍ വാഹനം തടയുന്നത്. രേഖകള്‍ പരിശോധിക്കുന്നു എന്ന പേരില്‍ ജീവനക്കാരെ പുറത്തിറക്കിയതും മുഴുവന്‍ പണവും സ്വന്തം വണ്ടിയിലേക്കു മാറ്റുകയും ജീവനക്കാരെ തള്ളിവീഴ്ത്തുകയും ചെയ്ത് കടക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ വന്‍ കൊള്ളസംഘം തന്നെയുണ്ട് എന്ന കണക്കുകൂട്ടലില്‍ വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തി വരുന്നത്.

