രാജ് ഭവനുകള്‍ ഇനി ലോക്ഭവനുകള്‍, നിര്‍ദേശം രാജേന്ദ്ര അര്‍ലേകറുടേത്, കേരളത്തില്‍ പേരുമാറ്റം ഒരു ദിവസം കൂടി വൈകും

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ പേരു മാറ്റുന്നു. ഇനി മുതല്‍ രാജ്യത്തെ എല്ലാ രാജ്ഭവനുകളും ലോക് ഭവന്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. കേരളത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച മാത്രമേ ഉണ്ടാകൂ. കേരള ഗവര്‍ണര്‍ രാജന്ദ്രേ ആര്‍ലേകര്‍ സ്വദേശമായ ഗോവയിലേക്ക് പോയിരിക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നത്. ഞായറാഴ്ച വൈകി മാത്രമാണ് ഗവര്‍ണര്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്നത്. അതു കഴിഞ്ഞാലുടന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം പുറത്തിറങ്ങും.

കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറാണ് ഇതു സംബന്ധിച്ച അഭിപ്രായം ആദ്യമായി രേഖപ്പെടുത്തിയത്. ഇക്കാര്യം ഗൗരവമായി പരിഗണിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പേരുമാറ്റത്തിനു പച്ചക്കൊടി കാട്ടിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് എല്ലാ ഗവര്‍ണര്‍മാരുടെയും ഔദ്യോഗിക വസതിയുടെ പേര് രാജ്ഭവന്‍ എന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുടെ വസതിയുടെ പേര് രാജ് നിവാസ് എന്നുമാണ്. ഇതു രണ്ടും ലോക് ഭവന്‍ എന്നും ലോക് നിവാസ് എന്നും ഇനി മാറുകയാണ്. നവംബര്‍ 25ന് ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനമിറങ്ങിയെങ്കിലും നടപ്പില്‍ വരാന്‍ ഏതാനും ദിവസം വൈകിയിരിക്കുകയാണ്.

രാജ്യത്ത് ഇത്തരത്തില്‍ ആദ്യമായി പേരു മാറ്റിയ സംസ്ഥാനം മലയാളിയായ സി വി ആനന്ദബോസ് ഗവര്‍ണറായിരിക്കുന്ന പശ്ചിമ ബംഗാളാണ്. ശനിയാഴ്ച തന്നെ ഇതു സംബന്ധിച്ച് ആനന്ദബോസ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭരണാധികാരിയുടെ വസതിയെന്നാണ് രാജ്ഭവന്‍ എന്നതിന്റെ അര്‍ഥമെങ്കില്‍ ജനങ്ങളുടെ വസതിയെന്നാണ് ലോക് ഭവന്‍ എന്നതിന്റെ അര്‍ഥം. ഗവര്‍ണര്‍ സ്ഥാനത്തെ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് ഈ പേരുമാറ്റത്തിലൂടെ ബിജെപി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *