ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ തീപിടിച്ച കാറിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കൊലനടത്തിയതെന്നു കരുതുന്ന ഭര്‍തൃസഹോദരന്‍ കാനഡയിലെ ഡെല്‍റ്റ പോലീസിന്റെ പിടിയില്‍. ഇയാളെ ഡിസംബര്‍ പതിനൊന്നുവരെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഡെല്‍റ്റ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ലുധിയാനയിലെ ഗുജ്ജര്‍വാള്‍ ഗ്രാമത്തില്‍ നിന്ന് കാനഡയിലേക്ക് ഏഴു വര്‍ഷം മുമ്പു കുടിയേറിയ മന്‍ദീപ് കൗര്‍ എന്ന യുവതിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ഇവരുടെ ഭര്‍തൃ സഹോദരന്‍ ഗുര്‍ജോത് സിങ് ഖൈരയാണിപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഗുര്‍ജോതിന്റെ സഹോദരനുമായി മന്‍ദീപിന്റെ വിവാഹം കഴിഞ്ഞിട്ട് ഏഴുമാസമാകുന്നതേയുള്ളൂ.
കഴിഞ്ഞ മാസം 26നായിരുന്നു നാഷണല്‍ ഹൈവേയുടെ 7000 ബ്ലോക്കില്‍ കാറിനു തീപിടിച്ച നിലയില്‍ ലോക്കല്‍ പോലീസ് കാണുന്നത്. അതിനുള്ളില്‍ മന്‍ദീപിനെ ഡ്രൈവിങ് സീറ്റില്‍ കാണുകയും മറ്റൊരു യാത്രക്കാരനില്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അപകട മരണം എന്ന നിലയിലാണ് ആദ്യം കേസ് കൈകാര്യം ചെയ്തത്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ക്ക് ജനിച്ച സംശയത്തിലാണ് കൂടുതല്‍ അന്വേഷണം നടത്തുന്നത്. അങ്ങനെയാണ് പ്രതിയിലേക്ക് അന്വേഷണം എത്തുന്നതും. ഇയാള്‍ സഹോദര ഭാര്യയെ മറ്റെവിടെയോ വച്ച് കൊന്ന ശേഷം കാറില്‍ സംഭവസ്ഥലത്ത് എത്തിച്ച് തീയിടുകയായിരുന്നെന്നു പോലീസ് കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

