സമൂഹമാധ്യമങ്ങളിലൂടെയുള്ള വസ്ത്രവില്‍പന; ഉല്‍പന്നം നല്‍കാത്ത ഉടമയ്ക്കു പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍

സമൂഹമാധ്യമങ്ങളിലൂടെയുള്ള വസ്ത്രവില്‍പന; ഉല്‍പന്നം നല്‍കാത്ത ഉടമയ്ക്കു പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍

സമൂഹമാധ്യമത്തിലൂടെയുള്ള പരസ്യം കണ്ട് വസ്ത്രം വാങ്ങാന്‍ മുന്‍കൂര്‍ പണമടച്ചിട്ടും കിട്ടിയില്ല എന്ന പരാതിയില്‍ സ്ഥാപന ഉടമയ്ക്കു പിഴയിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. നീഡില്‍ ക്രാഫ്റ്റ് ഡിസൈന്‍ സ്റ്റോര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി വസ്ത്രവില്‍പന നടത്തുന്ന ഏറനാട് ഷമീല കൃപാ ഡ്രസ് ഉടമ ഷമീല ബാനു വസ്ത്രവിലയായ 11300 രൂപ ഒന്‍പത് ശതമാനം പലിശ ചേര്‍ത്തും നഷ്ടപരിഹാരമായി 25000 രൂപയും നല്‍കണമെന്നാണ് കോടതി വിധി.

അമേരിക്കയില്‍ ദന്ത ഡോക്‌റായ കോട്ടയം പാത്താമുട്ടം സ്വദേശിനി ക്രിസ്റ്റി സാറാ തോമസാണ് പരാതിക്കാരി. ഭിന്നശേഷിക്കാരിയായ സഹോദരിക്കുള്ള പ്രത്യേകതരത്തിലുള്ള ഉടുപ്പിനുവേണ്ടിയാണ് 11300 രൂപ ഓണ്‍ലൈനായി അടച്ച് ഓര്‍ഡര്‍ കൊടുത്തത്. ഓര്‍ഡര്‍ ചെയ്ത് 30 ദിവസത്തിനുള്ളില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതു നടക്കാതെ വന്നതോടെ ഉടമയെ ഫോണിലൂടെയും സമൂഹമാധ്യമത്തിലൂടെയും പലകുറി ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് 2024 സെപ്റ്റംബറില്‍ വക്കീല്‍ നോട്ടീസും നല്‍കി.

പരാതി പരിഗണിച്ച കമ്മീഷന്‍ എതിര്‍കക്ഷി ഹാജരാകാത്തതിനാലും തെളിവുകള്‍ നല്‍കാത്തതിനാലും പരാതിക്കാരിക്ക് നഷ്ടപരിഹാരവും വസ്ത്രവിലയും കോടതിച്ചെലവായി 5000 രൂപയും നല്‍കണശമന്നു അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *