പ്രവാസി കായിക ചരിത്രത്തിൽ പുതിയ അധ്യായം; 52 ടീമുകൾ മാറ്റുരയ്ക്കുന്ന ബെൻഡിഗോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച

മെൽബൺ: ഓസ്‌ട്രേലിയൻ മലയാളി കായിക രംഗത്ത് പുത്തൻ ചരിത്രം കുറിച്ച് ബെൻഡിഗോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന ‘ബി.എസ്.സി ബെൻഡിഗോ കപ്പ് 2026’ ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സീസൺ ഒക്ടോബർ 31 ശനിയാഴ്ച നടക്കും. എപ്സം ഹണ്ട്‌ലി റിക്രിയേഷൻ റിസർവ് ഗ്രൗണ്ടിൽ അരങ്ങേറുന്ന ഈ കായിക മാമാങ്കത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഓസ്‌ട്രേലിയൻ പ്രവാസി കായിക ചരിത്രത്തിലാദ്യമായി 52 കരുത്തരായ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കാനായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓപ്പൺ കാറ്റഗറി, 40 വയസ്സിന് മുകളിലുള്ളവരുടെ സീനിയേഴ്സ് വിഭാഗം എന്നിവയ്ക്ക് പുറമെ അണ്ടർ 9, അണ്ടർ 11, അണ്ടർ 13, അണ്ടർ 15 എന്നീ ജൂനിയർ വിഭാഗങ്ങളിലുമായി ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറുക. ഓപ്പൺ വിഭാഗത്തിൽ ജേതാക്കളാകുന്നവർക്ക് 2501 ഡോളറും എവർറോളിങ് ട്രോഫിയും, റണ്ണേഴ്സ് അപ്പിന് 1001 ഡോളറും ട്രോഫിയും സമ്മാനമായി ലഭിക്കും. ജൂനിയർ വിഭാഗങ്ങളിലെ വിജയികൾക്ക് യഥാക്രമം 501 ഡോളർ, 201 ഡോളർ എന്നിങ്ങനെയാണ് ക്യാഷ് പ്രൈസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

മത്സരങ്ങൾ കാണുന്നതിനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികപ്രേമികൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 0451 509 864, 0431 226 118 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *