ഓസ്‌ട്രേലിയൻ തീരങ്ങളിൽ ഭീതിയായി ഭീമൻ സ്രാവുകൾ; പത്ത് വർഷത്തിനകം കടലിൽ ഇറങ്ങാനാവാത്ത സ്ഥിതിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

സിഡ്നി: ഓസ്‌ട്രേലിയൻ തീരങ്ങളിൽ സ്രാവുകളുടെ എണ്ണത്തിലും വലുപ്പത്തിലും വലിയ വർധനവുണ്ടാകുന്നുവെന്നും നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ ആളുകൾക്ക് കടലിൽ സുരക്ഷിതമായി നീന്താൻ പോലും കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും മുന്നറിയിപ്പ്. സ്രാവ് വേട്ടക്കാരനും ‘ഹണ്ടർ ഷാർക്ക് ജോ റീസ്റ്റൊറേഷൻ’ ഉടമയുമായ ജോയൽ നാൻകാരോയാണ് ഗുരുതര ആശങ്ക പങ്കുവെച്ചത്. ന്യൂ സൗത്ത് വെയിൽസ് തീരത്ത് 48 മണിക്കൂറിനിടെ നാല് സ്രാവ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് തലേദിവസം തന്നെ ഇദ്ദേഹം നൽകിയ ജാഗ്രതാ മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

കനത്ത മഴയെത്തുടർന്ന് നദീമുഖങ്ങളിലെ കലങ്ങിയ വെള്ളത്തിൽ നീന്തരുതെന്ന് ജനുവരി 17-ന് നാൻകാരോ മുന്നറിയിപ്പ് നൽകിയതിന് തൊട്ടടുത്ത ദിവസമാണ് സിഡ്നിയിലെ ഷാർക്ക് ബീച്ചിന് സമീപം 12 വയസ്സുകാരനായ നിക്കോ ആന്റിക് ബുൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്രാവുകളുടെ വലുപ്പത്തിലും എണ്ണത്തിലും വലിയ വർധനവാണ് കാണുന്നതെന്ന് ‘ഡീപ് മിഷൻ വിത്ത് സ്കോട്ട് തോറിംഗ്ടൺ’ പോഡ്‌കാസ്റ്റിൽ നാൻകാരോ വെളിപ്പെടുത്തി. നിലവിൽ ബീച്ചുകളിൽ സ്ഥാപിച്ചിട്ടുള്ള സംരക്ഷണ വലകൾ മറികടന്ന് പോലും 300 കിലോഗ്രാം ഭാരമുള്ള ബുൾ സ്രാവുകൾ എത്തുന്നുണ്ടെന്നും, ശൈത്യകാലം കഴിഞ്ഞ് ജൂൺ മാസങ്ങളിൽ പോലും കൂറ്റൻ സ്രാവുകൾ തീരത്തോടടുത്ത് വലയിലാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പതിറ്റാണ്ട് മുൻപ് ശരാശരി 130 കിലോഗ്രാം ഭാരമുണ്ടായിരുന്ന സ്രാവുകളുടെ സ്ഥാനത്ത് ഇപ്പോൾ 250 കിലോഗ്രാമിലധികം ഭാരമുള്ളവയാണ് കൂടുതലായും പിടിക്കപ്പെടുന്നത്. സ്രാവുകളുടെ എണ്ണം നിയന്ത്രിക്കാൻ വാണിജ്യാടിസ്ഥാനത്തിലുള്ള മീൻപിടിത്തം കൂടുതൽ വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, നാൻകാരോയുടെ ഈ വാദങ്ങൾക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്ന് ബോണ്ട് യൂണിവേഴ്സിറ്റിയിലെ പ്രമുഖ സ്രാവ് ഗവേഷകൻ ഡോ. ഡാരിൽ മക്ഫീ വ്യക്തമാക്കി. മനുഷ്യരെ ആക്രമിക്കുന്ന ബുൾ, വൈറ്റ് തുടങ്ങിയ സ്രാവ് ഇനങ്ങളുടെ ജനസംഖ്യാ പ്രവണതകളെക്കുറിച്ച് ശാസ്ത്രലോകത്തിന് കൃത്യമായ വിവരങ്ങളില്ലെന്നും ഇത്തരം അശാസ്ത്രീയമായ ഭീതി പരത്തുന്ന പ്രവചനങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. വാണിജ്യപരമായ വേട്ടയാടൽ വ്യാപിപ്പിക്കുന്നത് ഇതിനൊരു പരിഹാരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ന്യൂ സൗത്ത് വെയിൽസിൽ ബുൾ സ്രാവുകൾ ഉൾപ്പെടെയുള്ളവയെ പരിമിതമായ തോതിൽ വാണിജ്യാടിസ്ഥാനത്തിൽ പിടിക്കാൻ അനുമതിയുണ്ടെങ്കിലും, വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് വൈറ്റ് സ്രാവുകളെ വേട്ടയാടുന്നത് പൂർണമായും നിയമവിരുദ്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *