പത്താമുദയവും തെയ്യവും; വടക്കൻ മലബാറിന്റെ സാംസ്കാരിക പൈതൃകം

വടക്കൻ മലബാറിന്റെ വിശ്വാസങ്ങളിലും ആചാരങ്ങളിലും പ്രധാനപ്പെട്ട സ്ഥാനമുള്ളതാണ് പത്താമുദയം. തുലാം മാസത്തിലെ പത്താം ദിവസമാണ് പത്താമുദയം. ഈ സമയത്താണ് വടക്കൻ മലബാറിലെ പല കാവുകളിലും തെയ്യക്കാലത്തിനുള്ള ഒരുക്കങ്ങൾ സജീവമാകുന്നത്. പത്താമുദയം തെയ്യക്കാലവുമായി ബന്ധപ്പെട്ട ഒരു പ്രധാന സന്ദർഭമാണെങ്കിലും, എല്ലാ കാവുകളിലും തെയ്യങ്ങൾ തുടങ്ങുന്ന ദിവസം ഇതുതന്നെയാകണമെന്നില്ല. ഓരോ കാവിനും അതിന്റേതായ ആചാരങ്ങളും സമയക്രമങ്ങളുമുണ്ട്. പത്താമുദയത്തോടെ തെയ്യക്കാലത്തിന്റെ വരവ് നാട്ടുകാർക്ക് അനുഭവപ്പെടുന്നു. കാവുകളിലെ ഒരുക്കങ്ങളും കളിയാട്ടങ്ങളെക്കുറിച്ചുള്ള സംസാരങ്ങളും നാടിന് ഉത്സവത്തിന്റെ പ്രതീക്ഷ നൽകുന്നു. വടക്കൻ മലബാറിൽ വളർന്ന എനിക്ക് തെയ്യത്തോട് ചെറുപ്പംമുതലേ പ്രത്യേകമായൊരു ഇഷ്ടമുണ്ട്. തെയ്യത്തിന്റെ വേഷവും പാട്ടും ചെണ്ടയുടെ താളവും കാവുകളിലെ അന്തരീക്ഷവും മനസ്സിൽ മായാത്ത ഓർമകളാണ്.

തെയ്യത്തിന്റെ വരവോടെ കാവുകൾക്ക് ഒരു പ്രത്യേക ഭംഗി കൈവരുന്നു. സന്ധ്യയാകുമ്പോൾ ദീപങ്ങൾ തെളിയുകയും ചെണ്ടയുടെ ശബ്ദം അന്തരീക്ഷത്തിൽ നിറയുകയും ചെയ്യുന്നു. ചുവപ്പും കറുപ്പും മഞ്ഞയും വെള്ളയും നിറങ്ങൾ ചേർന്ന മുഖത്തെഴുത്തും വലിയ മുടിയും വർണാഭമായ വേഷവും തെയ്യത്തിന് ആകർഷകമായ രൂപം നൽകുന്നു. ചെണ്ടയും ഇലത്താളവും മുഴങ്ങുമ്പോൾ തെയ്യം താളത്തിനൊത്ത് ചുവടുവയ്ക്കുന്ന കാഴ്ച കാണികളെ ആകർഷിക്കുന്നു. തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ തെയ്യത്തിന്റെ വേഷം തിളങ്ങുമ്പോൾ ആ കാഴ്ച മനസ്സിൽ പതിഞ്ഞുനിൽക്കും. തെയ്യത്തിന്റെ മുന്നിൽ ഭക്തർ കൈകൂപ്പി തൊഴുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. തെയ്യം കെട്ടുന്ന കലാകാരന്മാരുടെ കഴിവും കഠിനാധ്വാനവും ഈ അനുഷ്ഠാനത്തിന്റെ പ്രധാന ഭാഗമാണ്. വേഷവും സംഗീതവും നൃത്തവും വിശ്വാസവും ഒന്നിച്ചുചേരുമ്പോഴാണ് തെയ്യം ഒരു സാധാരണ കലാപ്രകടനത്തിൽനിന്ന് വ്യത്യസ്തമായ അനുഭവമായി മാറുന്നത്.

മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ, പൊട്ടൻ തെയ്യം, രക്തചാമുണ്ഡി തുടങ്ങിയ നിരവധി തെയ്യരൂപങ്ങൾ വടക്കൻ മലബാറിലുണ്ട്. ഓരോ തെയ്യത്തിനും അതിന്റേതായ ഐതിഹ്യങ്ങളും പാട്ടുകളും ആചാരങ്ങളുമുണ്ട്. പൊട്ടൻ തെയ്യവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ ജാതിവിവേചനത്തിനെതിരായ സന്ദേശങ്ങൾ കാണാം. പറശ്ശിനിക്കടവ് മുത്തപ്പന്റെ ആരാധനയും വടക്കൻ മലബാറിലെ ജനജീവിതവുമായി അടുത്ത ബന്ധം പുലർത്തുന്നു. ധർമ്മടം ആണ്ടലൂർക്കാവിലെ കളിയാട്ടവും ഈ പ്രദേശത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിലെ പ്രധാന ഭാഗമാണ്. ദൈവത്താർ, അങ്കക്കാരൻ, ബപ്പൂരൻ തുടങ്ങിയ തെയ്യരൂപങ്ങൾ ആണ്ടലൂർക്കാവിന്റെ അനുഷ്ഠാനപാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം കാവുകളും കളിയാട്ടങ്ങളും ദൈവവിശ്വാസം നിലനിർത്തുന്നതോടൊപ്പം നാട്ടിലെ പഴയ കഥകളും ആചാരങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറുന്നു. അതുകൊണ്ടുതന്നെ തെയ്യം ഒരു ആരാധനാരീതി മാത്രമല്ല, വടക്കൻ മലബാറിന്റെ ചരിത്രവും സംസ്കാരവും തിരിച്ചറിയാനുള്ള വഴികൂടിയാണ്.

പത്താമുദയത്തോടെ തെയ്യക്കാലത്തിന്റെ വരവ് അനുഭവപ്പെടുമ്പോൾ നാട്ടുകാരിലും ഒരു പ്രത്യേക ഉണർവ് ഉണ്ടാകുന്നു. കളിയാട്ടങ്ങളുടെ സമയത്ത് ദൂരദേശങ്ങളിൽ താമസിക്കുന്നവർ സ്വന്തം നാട്ടിലെത്തുകയും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരുകയും ചെയ്യുന്നു. ചെണ്ടയുടെ താളവും തോറ്റംപാട്ടിന്റെ ഈണവും തെയ്യത്തിന്റെ വർണാഭമായ രൂപവും ചേർന്ന് കാവുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ പാരമ്പര്യം വരുംതലമുറയ്ക്കും പരിചയപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. തെയ്യം കെട്ടുന്ന കലാകാരന്മാരെ ആദരിക്കുകയും കാവുകളുടെ ചരിത്രവും തെയ്യങ്ങളുടെ ഐതിഹ്യങ്ങളും സംരക്ഷിക്കുകയും വേണം. എനിക്ക് തെയ്യം ഒരു ഉത്സവം മാത്രമല്ല; സ്വന്തം നാടിനോടും അതിന്റെ സംസ്കാരത്തോടുമുള്ള സ്നേഹം ഓർമിപ്പിക്കുന്ന അനുഭവമാണ്. പത്താമുദയവും തെയ്യക്കാലവും വടക്കൻ മലബാറിന്റെ ജീവിതത്തിൽ വിശ്വാസവും കലയും കൂട്ടായ്മയും എത്രത്തോളം ചേർന്നുനിൽക്കുന്നു എന്ന് കാണിച്ചുതരുന്നു. തലമുറകളിലൂടെ കൈമാറിവന്ന ഈ പാരമ്പര്യം നിലനിൽക്കുമ്പോൾ നമ്മുടെ നാടിന്റെ സാംസ്കാരിക സ്വത്വവും നിലനിൽക്കും.

വി. രാജേഷ് മോഹൻ റാവു
ഹയർ സെക്കൻഡറി അധ്യാപകൻ
ധർമ്മടം, തലശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *