പാർക്കിംഗ് മീറ്റർ ദേഹത്ത് വീണ് അഞ്ചുവയസ്സുകാരൻ മരിച്ച സംഭവം; സിറ്റി ഓഫ് ബൺബറി കൗൺസിലിനെതിരെ കേസെടുത്തു

ബൺബറി: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ബൺബറി ഹെറിറ്റേജ് മ്യൂസിയത്തിൽ പാർക്കിംഗ് മീറ്റർ ദേഹത്ത് വീണ് അഞ്ചുവയസ്സുകാരൻ മരിച്ച സംഭവത്തിൽ സിറ്റി ഓഫ് ബൺബറി കൗൺസിലിനെതിരെ വർക്ക്സേഫ് നിയമനടപടി ആരംഭിച്ചു. 2025 ജനുവരിയിലുണ്ടായ ദാരുണമായ അപകടത്തെത്തുടർന്നാണ് നടപടി.

സ്കൂൾ അവധിക്കാല പരിപാടികളിൽ പങ്കെടുക്കാനെത്തിയ സമ്മി എന്ന അഞ്ചുവയസ്സുകാരൻ മ്യൂസിയത്തിന്റെ മുറ്റത്തേക്ക് പ്രവേശിച്ചപ്പോഴായിരുന്നു അപകടം. ഉപയോഗശൂന്യമായി കിടന്നിരുന്ന പാർക്കിംഗ് മീറ്റർ ഇളകി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമ്മി പിന്നീട് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി ഉറപ്പുവരുത്തുന്നതിൽ കൗൺസിൽ പരാജയപ്പെട്ടെന്നും ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കൗൺസിൽ പ്രതിനിധികൾ ഡിസംബറിൽ ബൺബറി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും. വർക്ക്സേഫിന്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *