ന്യൂഡൽഹി/തിരുവനന്തപുരം: ദുർഗ്ഗാദേവിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്ന ഒൻപത് നാളുകൾ നീളുന്ന നവരാത്രി ആഘോഷങ്ങൾക്ക് രാജ്യത്തുടനീളം ഭക്തിസാന്ദ്രമായ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
നവരാത്രി പൂജയോടനുബന്ധിച്ച് പത്മനാഭപുരത്തുനിന്നുള്ള പരമ്പരാഗത വിഗ്രഹ ഘോഷയാത്ര, സംയുക്ത സേനയുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് പ്രയാണം ആരംഭിച്ചു. വൈകുന്നേരത്തോടെ ഘോഷയാത്ര തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്നതോടെ തലസ്ഥാനത്തെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകും. കിഴക്കേക്കോട്ടയിൽ വെച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഉടവാൾ ഏറ്റുവാങ്ങി ആചാരപരമായ വരവേൽപ്പ് നൽകും. തുടര്‍ന്ന് പദ്മതീർഥക്കുളത്തിലെ ആറാട്ടിനുശേഷം സരസ്വതിദേവിയെ നവരാത്രി മണ്ഡപത്തിൽ പൂജയ്ക്കിരുത്തും. പൂജാകർമങ്ങൾ പൂർത്തിയാക്കി ഒക്ടോബർ 23-ന് വിഗ്രഹങ്ങളും ഉടവാളും പത്മനാഭപുരത്തേക്ക് തിരിച്ചെഴുന്നള്ളിക്കും.

