മലപ്പുറം: പ്രവാസികൾക്കായുള്ള വിവിധ സേവനങ്ങളും വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പുതിയ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകിയാണ് ആപ്പിന്റെ ലോഞ്ചിങ് നിർവ്വഹിച്ചത്. ചടങ്ങിൽ ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം സുരക്ഷാ പദ്ധതിയിൽ അംഗത്വമെടുത്ത് എല്ലാവരും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് തങ്ങൾ അഭ്യർത്ഥിച്ചു.
അംഗങ്ങൾക്ക് തങ്ങളുടെ ഫാമിലി സെക്യൂരിറ്റി സ്കീം കാർഡ് ആപ്പിലൂടെ കാണാനും, നേരിട്ട് പ്രിന്റ് എടുക്കാനും, പി.ഡി.എഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാനും ഷെയർ ചെയ്യാനും സാധിക്കും. പുതിയ കാരുണ്യ പദ്ധതികളുടെ വിവരങ്ങളും നിലവിലെ സ്റ്റാറ്റസും ആപ്പ് വഴി തത്സമയം അറിയാം. മെമ്പർഷിപ്പ് പ്ലാനുകളും വരിസംഖ്യകളും ‘Subscription’ വഴി കൈകാര്യം ചെയ്യാനും ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് നേരിട്ട് സംഭാവനകൾ നൽകുന്നതിന് ‘Donate’ സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. സംഘടനയുടെ സുപ്രധാന തീരുമാനങ്ങൾ, കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ, പരിപാടികൾ, ഔദ്യോഗിക അറിയിപ്പുകൾ എന്നിവ ‘Update’ വിഭാഗത്തിലൂടെ ലഭ്യമാകും.
അംഗങ്ങളുടെ ആധാർ വിവരങ്ങൾ കൃത്യമായി പരിശോധിച്ചുറപ്പിച്ച് ആപ്പുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ബൈലോ വിവരങ്ങളും നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തൊഴിലന്വേഷകരായ പ്രവാസികൾക്കും മുൻ പ്രവാസികൾക്കുമായി സൗദി അറേബ്യയിലും കേരളത്തിലും തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക ജോബ് പോർട്ടൽ ആപ്പിൽ ഉടൻ സജ്ജമാകും. പുതിയ ജോലി തേടുന്നവർക്കും നിലവിലെ ജോലിയിൽ നിന്ന് മാറ്റം ആഗ്രഹിക്കുന്നവർക്കും പരസ്പരം തൊഴിൽവിവരങ്ങൾ പങ്കുവെക്കാനുള്ള ഒരു പ്ലാറ്റ്ഫോമായി ഇത് പ്രയോജനപ്പെടും. ഇത്തവണത്തെ ജിദ്ദ കെ.എം.സി.സി സുരക്ഷാ കാമ്പയിൻ പൂർണ്ണമായും ഈ ആപ്പ് മുഖേനയായിരിക്കും നടപ്പാക്കുകയെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

