ചെങ്കോട്ട സ്‌ഫോടനത്തില്‍ പങ്ക്, നാലാമതൊരു കാര്‍ കൂടി പോലീസ് കസ്റ്റഡിയില്‍, ഡോ. ഷഹീന്റെ ഉടമസ്ഥതയിലുള്ളത്

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നാലാമതൊരു കാര്‍ കൂടി പോലീസ് പിടിച്ചെടുത്തു. ആസൂത്രണത്തിന്റെ ആരംഭ ഘട്ടത്തില്‍ ഉപയോഗിച്ചതായി കരുതപ്പെടുന്ന മാരുതി ബ്രസ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഹരിയാനയില്‍ നിന്നു തന്നെയാണ് ഈ കാറും ലഭിച്ചിരിക്കുന്നത്. അല്‍ ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഈ കാറില്‍ രക്ഷപെടാനാണ് പ്ലാന്‍ ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതേ തുടര്‍ന്നാണ് ഈ വാഹനത്തിനായി അന്വേഷണ സംഘം തിരച്ചില്‍ തുടങ്ങിയത്.

സ്‌ഫോടനത്തിന് ഉപയോഗിച്ച ഐ20 കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍ മാത്രമാണ് പോലീസിനു ലഭിച്ചതെങ്കില്‍ രണ്ടാമതായി പിടിച്ചെടുത്തത് പ്രതിയായ ഡോ. ഷഹീന്‍ സയീദ് ഉപയോഗിച്ചിരുന്ന മാരുതി ഡിയയര്‍ കാറായിരുന്നു. ഈ കാറില്‍ നിന്നാണ് പോലീസിന് അസോള്‍ട്ട് പിസ്റ്റളും വെടിക്കോപ്പുകളും കണ്ടെടുത്തത്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം വാടകയ്ക്ക് എടുത്തിരുന്ന ഡോ. മുസമ്മിലും ഇതേ കാര്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ഡോ. ഷഹീന്റെ സഹപ്രവര്‍ത്തകനായിരുന്നു ഡോ. മുസമ്മില്‍.

സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബി ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാറായ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് രണ്ടു ദിവസം മുമ്പ് ഫരീദാബാദില്‍ നിന്നു പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഖണ്ഡാവാലി ഗ്രാമത്തില്‍ നിന്നാണ് ലഭിച്ചത്. ഇതിനു ശേഷമാണ് മാരുതി ബ്രസ കൂടി പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *