ക്ലോസറ്റിൽ കൊടുംവിഷമുള്ള പാമ്പ്; സിഡ്‌നിയിലെ വീട്ടുകാരെ ഞെട്ടിച്ച് ഒന്നര മീറ്റർ നീളമുള്ള റെഡ്-ബെല്ലി ബ്ലാക്ക് സ്നേക്ക്

സിഡ്‌നി: സിഡ്‌നിയിലെ റോസ്മോറിലുള്ള ഒരു കുടുംബത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് വീടിന്റെ ടോയ്‌ലറ്റ് ക്ലോസറ്റിൽ നിന്ന് പുറത്തുവന്നത് കൊടുംവിഷമുള്ള റെഡ്-ബെല്ലി ബ്ലാക്ക് സ്നേക്ക്.ചൂടുകാലം ആരംഭിച്ചതോടെ ഓസ്‌ട്രേലിയയിൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.

റോസ്മോറിലെ വീടിന് സമീപമുള്ള അഴുക്കുചാലിലൂടെ പ്രവേശിച്ച ഒന്നര മീറ്ററോളം നീളമുള്ള പാമ്പ്, ഏകദേശം 50 മില്ലീമീറ്റർ മാത്രം വീതിയുള്ള പൈപ്പിലൂടെ ഇഴഞ്ഞുകയറിയാണ് ടോയ്‌ലറ്റ് ക്ലോസറ്റിൽ എത്തിയത്. വീട്ടുകാർ ആദ്യം പാമ്പിനെ കണ്ടപ്പോൾ തുരത്താൻ ശ്രമിച്ചെങ്കിലും അല്പസമയത്തിനകം അത് ടോയ്‌ലറ്റിനുള്ളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടർന്ന് നരേലൻ സ്നേക്ക് ക്യാച്ചർ ഡാനിയൽ മെയ് സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി. വർഷങ്ങളായി സിഡ്‌നിയിൽ പാമ്പുകളെ പിടികൂടുന്ന തനിക്ക് ടോയ്‌ലറ്റ് ക്ലോസറ്റിനുള്ളിൽ നിന്ന് പാമ്പിനെ ലഭിക്കുന്നത് ആദ്യ അനുഭവമാണെന്നും, ഇത്രയും വീതികുറഞ്ഞ പൈപ്പിലൂടെ വലിയൊരു പാമ്പ് കയറിവന്നത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിൽ സ്പ്രിംഗ് സീസണിൽ താപനില ഉയരുന്നതോടെ ശീതകാല നിദ്രയിൽ നിന്ന് ഉണരുന്ന പാമ്പുകൾ ഇരതേടിയും ഇണയെ തേടിയും വീട്ടുപരിസരങ്ങളിലേക്കും ജനവാസമേഖലകളിലേക്കും ഇറങ്ങുന്നത് പതിവാണ്. നിലവിൽ സിഡ്‌നിയിൽ മാത്രം പ്രതിദിനം ആറോളം പാമ്പുപിടുത്ത കോളുകൾ വരുന്നുണ്ടെന്നും വരും ആഴ്ചകളിൽ ഇത് പത്തോളം ആയി ഉയരാൻ സാധ്യതയുണ്ടെന്നും ഡാനിയൽ മെയ് വ്യക്തമാക്കി. ന്യൂ സൗത്ത് വെയിൽസിൽ മാത്രമല്ല, വിക്ടോറിയയിലും സമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മെൽബണിലെ ഒരു ശിശുപരിപാലന കേന്ദ്രത്തിലെ മൂന്ന് വയസ്സുള്ള കുട്ടികളുടെ കളിമുറിയിൽ നിന്ന് അതീവ വിഷമുള്ള ടൈഗർ സ്നേക്കിനെ പിടികൂടിയിരുന്നു.

പ്രജനന കാലമായതിനാൽ പാമ്പുകൾ സാധാരണയിൽ കവിഞ്ഞ് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും മാലിന്യങ്ങളോ പുല്ലുകളോ വളർന്നുനിൽക്കാൻ അനുവദിക്കരുതെന്നും നിർദേശമുണ്ട്. കൂടാതെ, വീടുകളിലെ വളർത്തുമൃഗങ്ങളെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും പുറത്തിറങ്ങുന്ന വളർത്തുനായ്ക്കളെ പരമാവധി വീടിനുള്ളിൽ തന്നെ സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *