മെൽബൺ: ഓസ്ട്രേലിയയുടെ വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ വീട് പണിയുന്നതിൽ പരാജയപ്പെട്ട വിദേശ നിക്ഷേപകന് 5,08,000 ഡോളർ (ഏകദേശം 5 ലക്ഷം ഓസ്ട്രേലിയൻ ഡോളർ) വൻ തുക പിഴ ചുമത്തി.വിക്ടോറിയയിലെ ബെർവിക്കിലുള്ള റെസിഡൻഷ്യൽ പ്ലോട്ടിലാണ് നിർമ്മാണം നടത്താതെ നിയമലംഘനം നടത്തിയത്.
വിദേശ നിക്ഷേപ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് നടത്തിയ പരിശോധനയിലാണ് നടപടി.വിദേശ നിക്ഷേപകർ വാങ്ങുന്ന ഒഴിഞ്ഞ പാർപ്പിട ഭൂമികളിൽ നിശ്ചിത സമയത്തിനുള്ളിൽ വീട് നിർമ്മാണം പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കാതിരുന്നതാണ് കനത്ത പിഴയ്ക്ക് കാരണമായത്.
തങ്ങളുടെ കർശന പരിശോധനാ പരിപാടിയിലൂടെ ഇതുവരെ 217 നിയമലംഘനങ്ങൾ പരിഹരിച്ചതായും, ഇതിന്റെ ഭാഗമായി 111 പാർപ്പിട വസ്തുക്കൾ നിർബന്ധിതമായി വിറ്റഴിക്കാൻ ഉത്തരവിട്ടതായും എടിഒ വ്യക്തമാക്കി.വിദേശ നിക്ഷേപ നിയമങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ വസ്തുവകകൾ നിർബന്ധിത വിൽപ്പനയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

