തൊഴിൽ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി ഡിഫൻസ് പ്രിസിങ്ക്റ്റ് പദ്ധതി;പതിനായിരത്തോളം തൊഴിലവസരങ്ങൾ

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സാമ്പത്തിക-തൊഴിൽ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കിക്കൊണ്ട് ഡിഫൻസ് പ്രിസിങ്ക്റ്റ് പദ്ധതിയുടെ അന്തിമ അതിർത്തികളും രൂപരേഖയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പെർത്തിന് സമീപമുള്ള ഹെൻഡേഴ്‌സണിലാണ് കോടിക്കണക്കിന് ഡോളർ നിക്ഷേപമുള്ള ഈ വമ്പൻ പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ നിർമ്മാണ പ്രവർത്തനങ്ങളും ഓക്കസ് (AUKUS) കരാറിന്റെ ഭാഗമായുള്ള ആണവോർജ്ജ അന്തർവാഹിനികളുടെ പരിപാലനവും ഒരുമിച്ച് ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന സുപ്രധാന കാൽവെപ്പാണിത്.

പദ്ധതിയിലൂടെ അടുത്ത രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ പ്രതിരോധ-നിർമ്മാണ മേഖലകളിൽ പതിനായിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ 12 ബില്യൺ ഡോളർ ഫെഡറൽ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. വരും ദശാബ്ദത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 25 ബില്യൺ ഡോളർ വരെ നിക്ഷേപം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഓസ്‌ട്രേലിയൻ സൈന്യത്തിനായുള്ള സർഫേസ് വെസ്സലുകൾ, ലാൻഡിംഗ് ക്രാഫ്റ്റുകൾ, എഞ്ചിനീയറിംഗ് വർക്കുകൾ എന്നിവയെല്ലാം ഇവിടെയാകും നിർമ്മിക്കുക.

കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണികൾ, വെൽഡിംഗ്, ഫാബ്രിക്കേഷൻ, ഡിസൈൻ തുടങ്ങിയ എഞ്ചിനീയറിംഗ്-സാങ്കേതിക മേഖലകളിൽ വൈദഗ്ധ്യമുള്ള ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർക്കും മലയാളികൾക്കും വലിയ തൊഴിൽ സാധ്യതകളാണ് ഈ പദ്ധതിയിലൂടെ തുറന്നുകിട്ടുന്നത്. പദ്ധതി പുരോഗമിക്കുന്നതോടെ കൂടുതൽ വിദഗ്ധ തൊഴിലാളികൾക്ക് വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് എത്തിച്ചേരാനും മികച്ച കരിയർ രൂപപ്പെടുത്താനും അവസരമൊരുങ്ങും. ഔദ്യോഗിക വിശദാംശങ്ങൾ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് പോർട്ടലിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *