തമിഴ്‌നാട് നിയമസഭയ്ക്ക് മുന്നിൽ ജനസാഗരം; മുഖ്യമന്ത്രി വിജയിയെ കാണാൻ കുട്ടി ആരാധകർ മുതൽ മുതിർന്നവർ വരെ

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയിയെ (Thalapathy Vijay) നേരിൽ കാണാനും ആശംസകൾ അറിയിക്കാനുമായി തമിഴ്‌നാട് നിയമസഭാ മന്ദിരത്തിന് മുന്നിൽ വൻ ജനത്തിരക്ക്. “വിജയ് മാമയെ കാണണം” എന്ന വാശിയുമായി എത്തിയ കുട്ടി ആരാധകർ മുതൽ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന മുതിർന്നവർ വരെ സെക്രട്ടേറിയറ്റിന് മുന്നിലെ തിരക്കിലുണ്ട്.

കഴിഞ്ഞ ഞായറാഴ്ച (മെയ് 10) ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അധികാരമേറ്റെടുത്തതിന് പിന്നാലെയുള്ള ആദ്യ നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രിയെ ഒരു നോക്ക് കാണാനാണ് ആയിരക്കണക്കിന് ആരാധകർ സെന്റ് ജോർജ് കോട്ടയ്ക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടോളം നിലനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യം തകർത്താണ് വിജയ് മുഖ്യമന്ത്രി പദവിയിലെത്തിയത്. തങ്ങളുടെ പ്രിയതാരം ‘തമിഴകത്തിന്റെ നായകൻ’ എന്ന നിലയിൽ ഭരണചക്രം തിരിക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകർ. തിരക്ക് നിയന്ത്രിക്കാൻ കനത്ത പോലീസ് സന്നാഹമാണ് നിയമസഭാ മന്ദിരത്തിന് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്നത്. ആരാധകരുടെ തിരക്ക് കാരണം ചെന്നൈ നഗരത്തിലെ ഗതാഗതവും പലയിടങ്ങളിലും തടസ്സപ്പെട്ടു. വരും ദിവസങ്ങളിലും ഈ തിരക്ക് തുടരാനാണ് സാധ്യതയെന്ന് സിറ്റി പോലീസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *