ശ്രീനഗര്‍: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ലേഡി ഡോക്ടര്‍ കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ജമ്മു കാശ്മീരില്‍ താമസിക്കുന്ന ഹരിയാന സ്വദേശിയായ ഡോക്ടറാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
ശനിയാഴ്ച രാത്രി അനന്ത്നാഗ് ജില്ലയിലെ ലോക്നാഗിലെ ഇവരുടെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അതില്‍ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അറസ്റ്റുണ്ടായത്. വൈറ്റ് കോളര്‍ ഭീകര ശൃംഖലയുമായി ഇവര്‍ക്കുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ റെയ്ഡില്‍ ലഭിച്ചിരുന്നു. റെയ്ഡ് മുതല്‍ ഇവര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരില്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അതിനിടെ കഴിഞ്ഞ ഒരു വര്‍ഷമായി വൈറ്റ് കോളര്‍ ഭീകരതയുടെ ഭാഗമായ ഡോക്ടര്‍മാര്‍ ഒരു ചാവേറിനെ തിരയുകയായിരുന്നെന്ന വിവരവും പോലീസിനു ലഭിച്ചു. ഏറ്റവും കടുത്ത തീവ്രവാദിയായ ഡോ. ഉമറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അവസാനം ഉമര്‍ തന്നെ ചാവേറാകാന്‍ തീരുമാനിക്കുകയായിരുന്നു.

