മനുഷ്യത്വത്തിന്റെ മാതൃകയായി എഐകെഎംസിസി; ഉറ്റവരില്ലാത്ത വയോധികയ്ക്ക് അന്ത്യയാത്രയൊരുക്കി

ബംഗളൂരു: യലഹങ്ക മദർ തെരേസ കോൺവെന്റ് അഗതിമന്ദിരത്തിൽ അന്തരിച്ച ഉറ്റവരില്ലാത്ത വയോധികയുടെ സംസ്കാരച്ചടങ്ങുകൾ ഏറ്റെടുത്ത് നടത്തി എഐകെഎംസിസി പ്രവർത്തകർ. അഗതിമന്ദിരം അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഹെബ്ബാൾ–യലഹങ്ക ഏരിയ പ്രസിഡന്റ് റഷീദിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ സ്ഥലത്തെത്തിയത്.

സംഘടനയുടെ ആംബുലൻസ് സൗകര്യം ഒരുക്കിയതോടൊപ്പം സംസ്കാരച്ചടങ്ങുകൾക്കാവശ്യമായ മുഴുവൻ ചെലവുകളും മറ്റ് ക്രമീകരണങ്ങളും എഐകെഎംസിസി പ്രവർത്തകർ നിർവഹിച്ചു. തുടർന്ന് മൃതദേഹം പള്ളിയിലെത്തിച്ച് ക്രൈസ്തവ മതാചാരപ്രകാരം സംസ്കാരം പൂർത്തിയാക്കുന്നതിനും ഇവർ നേതൃത്വം നൽകി.

അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് സംഘടനയുടെ ഭാഗത്തുനിന്നുള്ള കരുതലും സഹായവും നിരന്തരമായി ലഭിക്കാറുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോധികർക്കും കിടപ്പുരോഗികൾക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഏരിയ പ്രസിഡന്റ് റഷീദിന്റെ മേൽനോട്ടത്തിൽ എല്ലാ ആഴ്ചയും എത്തിച്ചുനൽകുന്നുമുണ്ട്. ഉറ്റവരും ഉടയവരുമില്ലാത്ത വയോധികയ്ക്ക് ആദരവോടെ അന്ത്യയാത്രയൊരുക്കിയ എഐകെഎംസിസിയുടെ ഈ നടപടി ജാതി-മത ഭേദമന്യേ മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഉദാത്ത മാതൃകയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *