കൊച്ചി: നവരാത്രിയും ദീപാവലിയും പടിക്കലെത്തി നില്‍ക്കേ അവധി ആഘോഷങ്ങള്‍ക്കായി വമ്പന്‍ ഓഫറുകളുമായി വിമാനക്കമ്പനികള്‍ രംഗത്ത്. ആഭ്യന്തര, വിദേശ യാത്രകള്‍ക്ക് ഓഫറുകളുടെ പാക്കേജാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നവരാത്രി മുതല്‍ ആരംഭിക്കുന്ന ഉത്സവക്കാലത്തും ക്രിസ്മസ് സീസണിലും ജനുവരി മുതല്‍ ആരംഭിക്കുന്ന വിന്റര്‍ സീസണിലുമാണ് ഏറ്റവുമധികം യാത്രകള്‍ നടക്കുന്നത് എന്നതിനാലാണ് ഈ സമയത്ത് ഓഫറുകളും വന്നിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ ഉത്സവകാലത്തിനു മുന്നോടിയായി ആഭ്യന്തര സെക്ടറില്‍ 1299 രൂപ മുതലും രാജ്യാന്തര സെക്ടറില്‍ 4599 രൂപ മുതലുമുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് റണ്‍വേ ഫെസ്റ്റ് എന്ന പേരിലാണ് ഓഫറുകള്‍.
ഇതിനു ബദലായി രണ്ടാമത്തെ വലിയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ബുക്ക് ഡയറക്ട് എന്ന പേരിലാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ നേരിട്ടു ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കു മാത്രമാണ് എയര്‍ ഇന്ത്യ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, എയര്‍പോര്‍ട്ട് കൗണ്ടര്‍ എന്നിവ മുഖേന യാത്രക്കാരന്‍ ഇടനിലക്കാരില്ലാതെ നടത്തുന്ന ബുക്കിങ്ങുകള്‍ക്കെല്ലാം ഇളവു ലഭിക്കും. ഫ്‌ളൈ 91 എന്ന വിമാനകമ്പനി സെപ്റ്റംബറിലെ എല്ലാ ബുക്കിങ്ങുകള്‍ക്കും കണ്‍വീനിയന്‍സ് ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വിദേശ വിമാന കമ്പനികളില്‍ എമിറേറ്റസ് ആണ് ഏറ്റവും കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ ഓഫറുകള്‍ രാജ്യാന്തര യാത്രക്കാര്‍ക്കാണ് കൂടുതല്‍ പ്രയോജനപ്പെടുക.
കേന്ദ്ര ഗവണ്‍മന്റ് പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌കരണം ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ മാസം 22 മുതല്‍ അധികഭാരമായി മാറും. എക്‌സിക്യൂട്ടീവ്, ബിസിനസ് ക്ലാസുകളില്‍ ജിഎസ്ടി നിരക്ക് പതിനെട്ടു ശതമാനമായി ഉയരുന്നതോടെയാണിത്. ഇതുവരെ പന്ത്രണ്ടു ശതമാനമായിരുന്നു നിരക്ക്. അതേസമയം ഇക്കണോമി ക്ലാസില്‍ ജിഎസ്ടി നിരക്ക് അഞ്ചു ശതമാനത്തില്‍ തന്നെ തുടരും.
ഇന്‍ഡിഗോയുടെ ഗ്രാന്‍ഡ് റണ്‍വേ ഫെസ്റ്റ് ജനുവരി ഏഴു മുതല്‍ മാര്‍ച്ച 1 വരെയായിരിക്കും ബാധകമായിരിക്കുക.ആഭ്യന്തര യാത്രകള്‍ക്ക് 1299 രൂപ മുതലും രാജ്യാന്തര യാത്രകള്‍ക്ക് 4599 രൂപ മുതലുള്ള നിരക്കിലും ഈ സമയത്ത് യാത്ര ചെയ്യാം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര യാത്രകള്‍ക്ക് 1449 രൂപ മുതലുള്ള നിരക്കിലാണ് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. രാജ്യാന്തര സെക്ടറില്‍ 4362 രൂപ മുതലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. എമിറേറ്റ്‌സില്‍ 16 മുതല്‍ 31 വയസ് വരെ പ്രായമുള്ളവര്‍ക്ക് സ്റ്റുഡന്റ് എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാല്‍ ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനത്തിന്റെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്സവകാലവും വിന്റര്‍ സീസണും മുന്നില്‍കണ്ട് ഇന്‍ഡിഗോയ്ക്കും എയര്‍ ഇന്ത്യയ്ക്കും എമിറേറ്റ്‌സിനും ഓഫറുകള്‍

