കാൻബറ: ഓസ്ട്രേലിയയിൽ 1999-ന് ശേഷം ഭവനവിലയിലുണ്ടായ 400 ശതമാനത്തോളം വരുന്ന വൻ വർദ്ധനവ് ഇനിയും തുടരാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ്. നെഗറ്റീവ് ഗിയറിംഗ് , ക്യാപിറ്റൽ ഗെയിൻസ് ടാക്സ് എന്നിവയിൽ ഭരണകൂടം അടുത്തിടെ വരുത്തിയ പരിഷ്കാരങ്ങൾ രാജ്യത്തെ പ്രോപ്പർട്ടി വിലക്കയറ്റത്തിന്റെ വേഗത കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പാർലമെന്റിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
1999 മുതൽ ഓസ്ട്രേലിയയിൽ ശരാശരി വരുമാനത്തേക്കാൾ ഇരട്ടിയിലധികം വേഗതയിലാണ് വീടുകളുടെ വില ഉയർന്നതെന്ന് അൽബാനീസ് ചൂണ്ടിക്കാട്ടി. ഇതേ കാലയളവിൽ 25 മുതൽ 34 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിലെ സ്വന്തമായി വീട് വാങ്ങുന്നവരുടെ നിരക്കിൽ 7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അക്കാലത്ത് നടപ്പിലാക്കിയ നികുതി ക്രമീകരണങ്ങളാണ് നിക്ഷേപകരെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വലിയ തോതിൽ ആകർഷിച്ചതെന്നും, ഇത് സാധാരണക്കാരായ ആദ്യകാല ഭവന വാങ്ങലുകാരെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. വരും തലമുറയ്ക്കായി കൂടുതൽ നീതിപൂർവ്വമായ ഒരു നികുതി വ്യവസ്ഥ ഉറപ്പാക്കാനാണ് തങ്ങൾ ഈ പരിഷ്കാരങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

