യുദ്ധം തുടരാൻ ഇറാന് താൽപര്യമില്ലെന്ന് അരാഗ്ചി

ബെയ്ജിങ്: അമേരിക്കയുമായുള്ള സംഘർഷം നീട്ടിക്കൊണ്ടുപോകാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും നയതന്ത്രപരമായ പരിഹാരത്തിലേക്ക് മടങ്ങാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ബെയ്ജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ഇറാന്റെ ന്യായമായ അവകാശങ്ങളും പരമാധികാരവും സംരക്ഷിച്ചുകൊണ്ടായിരിക്കണം നയതന്ത്ര നീക്കങ്ങളെന്ന് അരാഗ്ചി വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും നേരത്തെയുണ്ടാക്കിയ ധാരണയിലേക്ക് മടങ്ങണമെന്ന് വാങ് യി ആവശ്യപ്പെട്ടു.

പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും ഗൾഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. സംഘർഷം നീണ്ടുപോകുന്നത് ബന്ധപ്പെട്ട രാജ്യങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിനും ഗുണകരമല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

അതേസമയം, ഇറാൻ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്നത് സംഘർഷം അവസാനിച്ചതായി അർഥമാക്കുന്നില്ല. അമേരിക്കയുമായുള്ള ബന്ധത്തിൽ വിശ്വാസക്കുറവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അരാഗ്ചിയുടെ പുതിയ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *