ദില്ലി: കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം 69 ലോഞ്ച് പാഡുകളിലായി 120 ഭീകരര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ബിഎസ്എഫ് വ്യക്തമാക്കി. അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം ഘട്ടത്തിന് പിന്നാലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് ഭീകരര്‍ മാറിയിരുന്നു. ഭീകരരുടെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറ്റത്തിന് ശ്രമമുണ്ടായാല്‍ കര്‍ശന നടപടിക്കാണ് തീരുമാനമെന്നും ജമ്മു കശ്മീരിന്റെ ചുമതലയുള്ള ബിഎസ്എഫ് ഐജി അശോക് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ദില്ലിയിലെ ചെങ്കോട്ടക്ക് സമീപം നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കോട്ടയടക്കമുള്ള ദില്ലിയുടെ പല ഭാഗങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കും.ഇവിടെ നിരീക്ഷണത്തിനായി 120 ക്യാമറകള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനമായി. ചെങ്കോട്ടയ്ക്ക് അകത്തും പുറത്തുമായാണ് പുതിയ ക്യാമറകള്‍ സ്ഥാപിക്കുക. പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.ചെങ്കോട്ടക്ക് സമീപമുള്ള അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാനും തീരുമാനമുണ്ട്.സമാനമായ ആക്രമണം ചെങ്കോട്ടയ്ക്ക് സമീപം ഇനി ആവര്‍ത്തിക്കരുതെന്ന ജാഗ്രതയോടെയാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നീക്കം

