തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ശുചിത്വം എന്നിവ മുൻനിർത്തി ബോധവൽക്കരണ പരിപാടികൾ, ശുചീകരണ യജ്ഞങ്ങൾ എന്നിവ ഡിവിഷന് കീഴിലുള്ള വിവിധ സ്റ്റേഷനുകളിൽ നടന്നു.
മാലിന്യ സംസ്കരണം, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ നിർമ്ജനം, ഹരിത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കൽ, വൃക്ഷത്തൈ നടീൽ, ജല-ഊർജ്ജ സംരക്ഷണം എന്നിവയ്ക്കാണ് ഇത്തവണ പ്രത്യേക പ്രാധാന്യം നൽകിയത്. റെയിൽവേ ജീവനക്കാർ, യാത്രക്കാർ, പൊതുജനങ്ങൾ എന്നിവരിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിൽ ഒരുക്കിയ ‘വേസ്റ്റ് ടു ആർട്ട്’ (Waste to Art) പ്രദർശനം ഡിവിഷണൽ റെയിൽവേ മാനേജർ (DRM) ദിവ്യകാന്ത് ചന്ദ്രകർ ഉദ്ഘാടനം ചെയ്തു. ഉപേക്ഷിക്കപ്പെടുന്ന പാഴ്വസ്തുക്കളെ മനോഹരമായ കലാരൂപങ്ങളാക്കി മാറ്റിയ പ്രദർശനം റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. പരിസ്ഥിതി സൗഹൃദമായ ഹരിത റെയിൽവേ എന്ന ലക്ഷ്യത്തിലേക്കുള്ള ഡിവിഷന്റെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടികൾ സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു

