നാഗോയ: ജപ്പാനിൽ സെപ്റ്റംബർ 19ന് ആരംഭിക്കാനിരിക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിന്റെ ടോർച്ച് റിലേയ്ക്ക് തുടക്കമായി. ഓഗസ്റ്റ് 22ന് നാഗോയ കാസിലിൽ നടന്ന ചടങ്ങിനുശേഷമാണ് ദീപം വഹിച്ചുള്ള റിലേ ആരംഭിച്ചത്.
1958ലെ ഏഷ്യൻ ഗെയിംസിന് വേദിയായ ടോക്യോയിൽ ഓഗസ്റ്റ് 18ന് തെളിച്ച ദീപവും 1994ലെ ഏഷ്യൻ ഗെയിംസിന് വേദിയായ ഹിരോഷിമയിലെ പീസ് മെമ്മോറിയൽ പാർക്കിൽ തെളിച്ച ദീപവും ചടങ്ങിനിടെ ഒന്നിപ്പിച്ചു. ഓഗസ്റ്റ് 21ന് ഹിരോഷിമയിൽ നടന്ന ചടങ്ങിൽ ‘ഫ്ലെയിം ഓഫ് പീസ്’ൽനിന്നാണ് ദീപം തെളിച്ചത്.
മൂന്ന് തവണ ഒളിംപിക്‌സ് സ്വർണം നേടിയ ജപ്പാൻ ഗുസ്തി താരം സാവോറി യോഷിദയാണ് നാഗോയയിൽ ആദ്യ ടോർച്ച്ബെയററായത്. തുടർന്ന് ദീപം പ്രാദേശിക കൈമാറ്റത്തിലൂടെ ഐചി പ്രിഫെക്ചറിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. ഏകദേശം 1,000 പേർ റിലേയിൽ പങ്കെടുക്കും.
സെപ്റ്റംബർ 18ന് ടോർച്ച് റിലേ അവസാനിക്കും. സെപ്റ്റംബർ 19ന് പാലോമ മിസുഹോ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ദീപം തെളിക്കും. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് മത്സരങ്ങൾ. 40ലേറെ കായിക ഇനങ്ങളിലായി താരങ്ങൾ പങ്കെടുക്കും.

