സിഡ്നി: ഓസ്‌ട്രേലിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള പ്രമുഖ ഐടി കമ്പനിയായ അറ്റ്‌ലാസിയന്റെ പുതിയ ആസ്ഥാന മന്ദിരം ‘അറ്റ്‌ലാസിയൻ സെൻട്രൽ’ സിഡ്നിയിൽ പൂർത്തിയായി വരുന്നു. സിഡ്നി സെൻട്രൽ സ്റ്റേഷന് സമീപം തലയുയർത്തി നിൽക്കുന്ന ഈ ആകാശഗോപുരം, നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹൈബ്രിഡ് ടിംബർ (തടിയും ഉരുക്കും കോൺക്രീറ്റും സംയോജിപ്പിച്ചുള്ള നിർമ്മിതി) കെട്ടിടമായി മാറും.
ഏകദേശം 183 മീറ്റർ ഉയരത്തിൽ 40 നിലകളിലായി 1.4 ബില്യൺ ഡോളർ ചെലവഴിച്ചാണ് ഈ അത്ഭുത ഗോപുരം നിർമ്മിക്കുന്നത്. സുസ്ഥിരതയ്ക്കും പരിസ്ഥിതി സൗഹൃദ നവീകരണങ്ങൾക്കും മുൻഗണന നൽകുന്ന രൂപകൽപ്പനയാണ് ഇതിന്റെ പ്രധാന സവിശേഷത. സ്വാഭാവിക വായുസഞ്ചാരം ഉറപ്പാക്കുന്ന സംവിധാനങ്ങൾ, ഊർജ്ജ കാര്യക്ഷമതയേറിയ സാങ്കേതികവിദ്യകൾ, ഹരിതാഭ നിറഞ്ഞ മൾട്ടി ലെവൽ ‘ഹാബിറ്റാറ്റ്’ ഇടങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ആധുനിക തൊഴിലിടങ്ങളുടെ സങ്കൽപ്പത്തെത്തന്നെ തിരുത്തിയെഴുതുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
2026-ൽ തന്നെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന അറ്റ്‌ലാസിയൻ സെൻട്രൽ, സിഡ്നിയിൽ വളർന്നു വരുന്ന ‘ടെക് സെൻട്രൽ’ മേഖലയുടെ പ്രധാന കേന്ദ്രമായി മാറും. നഗരത്തിന്റെ ഭാവി സാങ്കേതിക-നൂതനത്വ വികസന പ്രക്രിയകളിൽ വലിയൊരു പങ്കുവഹിക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

