ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചാങ്ലാങ് ജില്ലയിൽ ഇന്ത്യ–മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് പട്രോളിങ് സംഘത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. നാല് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ നംപോങ് സർക്കിളിലെ നംപോങ് നള്ളയ്ക്ക് സമീപമായിരുന്നു സംഭവം.
21 അസം റൈഫിൾസിലെ സംഘം അതിർത്തിയിൽ വേലി നിർമാണം നടക്കുന്ന പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രാവിലെ 6.30ഓടെ സംശയിക്കപ്പെടുന്ന സായുധസംഘം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ 42കാരനായ ഹവിൽദാർ ജൻഖോകൈ കുക്കി കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ചികിത്സയ്ക്കായി മാറ്റി.
ആക്രമണത്തിന് പിന്നിൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്–ഖാപ്ലാങ് (NSCN-K-YA) വിഭാഗത്തിലെ അംഗങ്ങളാകാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ ആക്രമണം നടത്തിയവരുടെ വ്യക്തമായ തിരിച്ചറിയൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കി. അതിർത്തി മേഖലയിൽ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ചാങ്ലാങ് പൊലീസ് നടപടികൾ ആരംഭിച്ചു.
അസം റൈഫിൾസ് ഹവിൽദാർ ജൻഖോകൈ കുക്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

