കാൻബെറ: അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച പുതിയ ചരിത്രപ്രധാനമായ സമാധാന കരാറിനെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി. മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ ഈ കരാർ സഹായിക്കുമെന്നാണ് ഓസ്‌ട്രേലിയയുടെ വിലയിരുത്തൽ.
ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങുമായി ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന യിലൂടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. “ഈ നീക്കത്തെ ഓസ്‌ട്രേലിയ സ്വാഗതം ചെയ്യുന്നു,” ആൽബനീസ് പറഞ്ഞു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും നാവിക ഉപരോധം പിൻവലിക്കുന്നതും ആഗോള വിപണിയിലെ ഊർജ്ജ പ്രതിസന്ധിയും സാമ്പത്തിക സമ്മർദ്ദവും കുറയ്ക്കാൻ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കാൻ നയതന്ത്ര ചർച്ചകളുടെ ഈ അവസരം ഇരുരാജ്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെ ട്ടു.ഒപ്പം, തങ്ങളുടെ ആണവ പദ്ധതികളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാ ൻ ഇറാൻ തയ്യാറാകണമെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
നേരത്തെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കരാറിനെ ‘വലിയൊരു നേട്ടം’ എന്ന് വിശേഷിപ്പി ച്ചിരുന്നു. പശ്ചിമേഷ്യൻ മേഖലയിലാകെ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാൻ പുതിയ ധാരണ കൾക്ക് സാധിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബ്രിട്ടൻ, ജർമ്മനി, ജപ്പാൻ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ കരാറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സഖ്യകക്ഷിയായ ഓസ്‌ട്രേലിയയും തങ്ങളുടെ ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചത്.

