കോലഞ്ചേരി: തെരുവോരങ്ങളിൽ സംഗീതം പൊഴിക്കുന്നത് കേവലം ഉപജീവനത്തിനല്ല, മറിച്ച് സംഗീത ലോകത്തെ ഉന്നതങ്ങളിൽ എത്താനുള്ള സ്വപ്നത്തിലേക്കുള്ള ചവിട്ടുപടിയായാണ് ഈ രണ്ടു മിടുക്കന്മാർ കാണുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളായ ബെൻ വിമൽ പഴന്തോട്ടവും മാത്യൂസ് പഴന്തോട്ടവുമാണ് ‘നീർ ബീറ്റ്സ്’ (Neer Beats) എന്ന സ്ട്രീറ്റ് സംഗീത ഗ്രൂപ്പുമായി ശ്രദ്ധേയരാകുന്നത്.
പേരിലെ സാമ്യം കൊണ്ട് സഹോദരങ്ങളാണെന്ന് തോന്നിക്കുമെങ്കിലും, ഇവർ സഹോദരങ്ങളെപ്പോലെ വളർന്ന ആത്മസുഹൃത്തുക്കളാണ്. പള്ളിയിലെ ഗായകസംഘങ്ങളിലൂടെ വളർന്നുവന്ന ഇവർ സ്കൂൾ കലോത്സവങ്ങളിൽ സബ് ജില്ലാ-ജില്ലാ തലങ്ങളിൽ വിജയകിരീടം ചൂടിയവരാണ്. ഒരാൾ പാടുമ്പോൾ മറ്റേയാൾ അതിമനോഹരമായി പശ്ചാത്തല സംഗീതം ഒരുക്കുന്നു. ഒരു അധ്യയന വർഷം പൂർത്തിയാകുമ്പോഴേക്കും സംഗീതം കൊണ്ട് ദൃഢമായ ഒരു കുടുംബബന്ധം തന്നെ ഇവർക്കിടയിൽ രൂപപ്പെട്ടു കഴിഞ്ഞു.
അവധിക്കാലത്ത് വെറുതെയിരിക്കാതെ തങ്ങളുടെ കഴിവ് ലോകത്തിന് മുന്നിൽ എത്തിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ‘കാപ്പിക്കട’ എന്ന സ്ഥാപനത്തിന് മുന്നിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയിട്ട് നാല് ദിവസമേ ആകുന്നുള്ളൂവെങ്കിലും ഇതിനോടകം തന്നെ ഇവർ നാട്ടുകാരുടെ പ്രിയങ്കരരായി മാറി. “ഒരു തുടക്കം വേണം, അത് ഗംഭീരമാകണം” എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ പറയുന്നു.
സംഗീതത്തിന്റെ ഏഴ് കടലുകളും താണ്ടി ലോകം അറിയുന്ന കലാകാരന്മാരാകണമെന്ന വലിയ മോഹമാണ് ഈ കൊച്ചു പ്രായത്തിൽ ബെന്നിനും മാത്യൂസിനുമുള്ളത്. മികച്ച പ്രോത്സാഹനവും പിന്തുണയും ലഭിച്ചാൽ ഭാവിയിൽ സംഗീത ലോകത്തെ തിളങ്ങുന്ന നക്ഷത്രങ്ങളായി ഇവർ മാറുമെന്ന കാര്യത്തിൽ തർക്കമില്ല. സംഗീതത്തെ ഉപാസിച്ച് സ്വപ്ന സാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്ന ഈ കൂട്ടുകാരുടെ മുന്നേറ്റം നാടിനും അഭിമാനമായി മാറുകയാണ്.

