സ്വവര്‍ഗ വിവാഹത്തിനു സാധാരണ വിവാഹത്തിന്റെ പദവിയില്ല, കുടംബമെന്ന പരിഗണനയ്ക്ക് അര്‍ഹതയില്ലെന്ന് കോടതി

മുംബൈ: സ്വവര്‍ഗ ദമ്പതിമാരായ യുവാക്കള്‍ക്ക് കുടുംബമെന്ന നിലയില്‍ നികുതി വ്യവസ്ഥയുടെ ആനുകൂല്യം നല്‍കണമെന്ന ആവശ്യം മുംബൈ ഹൈക്കോടതി തള്ളി. അഭിഭാഷകനായ വിവേദ് ശിവന്‍, പായിയോ അഷിഹോ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

സ്വവര്‍ഗ ദമ്പതിമാരും കുടുംബം തന്നെയാണെങ്കിലും മറ്റു കുടുംബങ്ങള്‍ക്ക് നല്‍കുന്നതില്‍ നിന്നു വ്യത്യസ്തമായ സമീപനമാണ് നോമിനികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ ആദായ നികുതി വകുപ്പ് ഇക്കൂട്ടരോടു പുലര്‍ത്തുന്നതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഇതിന് അവസരമൊരുക്കുന്ന ആദായ നികുതി നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനുകളുടെ ഭരണാഘടനപരമായ സാധുതയും ഇവര്‍ ചോദ്യം ചെയ്തിരുന്നു. സ്വവര്‍ഗ വിവാഹം നിയമം മൂലം ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ഇവരുടെ ഹര്‍ജിയെ എതിര്‍ത്ത് ആഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് കോടതിയെ അറിയിച്ചു. ഭാര്യ-ഭര്‍ത്താവ് എന്നിവയുടെ അര്‍ഥത്തെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍, ആദായ നികുതി വകുപ്പ് എന്നിവയെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായ അനില്‍ സിംഗ് പറഞ്ഞു.

സ്വവര്‍ഗ ബന്ധത്തിലുള്ള നോമിനികളെ ഭിന്ന ലിംഗത്തിലുള്ള നോമിനികളെക്കാള്‍ വ്യത്യസ്തമായി പരിഗണിക്കുകയാണ്. ഇവര്‍ക്ക് കുടുംബം എന്ന നിലയിലുള്ള സംരക്ഷണം നിരസിക്കുന്നത് പരോക്ഷമായി വിവേചനത്തെ അംഗീകരിക്കുന്നതിനു തുല്യമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇതു സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തോടെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ഡിസംബര്‍ പത്തിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *