സിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടി ഭീകരാക്രമണക്കേസിലെ പ്രതികളെക്കുറിച്ച് രാജ്യത്തെ പരമോന്നത ചാരസംഘടന (ASIO) 2019-ൽ തന്നെ കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നതായി വെളിപ്പെടുത്തൽ. പ്രതികൾക്ക് അന്താരാഷ്ട്ര യാത്രാവിലക്ക് ഏർപ്പെടുത്തണമെന്നും, ഇവർ തീവ്രവാദി കളുമായി എന്തെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷി ക്കണമെന്നും ചാരസംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുരക്ഷാ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വീഴ്ചയെ തുടർന്ന് ഈ നിർദ്ദേശങ്ങളെല്ലാം അവഗണിക്കപ്പെടുകയും, പ്രതികൾക്ക് ലോകത്തിലെ പ്രമുഖ ഭീകരവാദ കേന്ദ്രങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുകയും ചെയ്തതായാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
സുരക്ഷാ ഗണത്തിൽ അതീവ പ്രാധാന്യമുള്ള ഈ ഫയലുകൾ കൃത്യമായി പുനഃപരിശോധിക്കുന്നതിലോ പ്രതികളുടെ വിദേശയാത്രകൾ നിരീക്ഷിക്കുന്നതിലോ അധികൃതർ പൂർണ്ണമായി പരാജയപ്പെട്ടു. രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ അനാസ്ഥകളിലൊന്നായാണ് ഈ സംഭവം ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ചാരസംഘടനയുടെ കർശനമായ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, പ്രതികൾ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പേരുകേട്ട വിദേശ രാജ്യങ്ങളിലെ കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാതെ പോയത് എങ്ങനെയാണെന്ന ചോദ്യം ശക്തമാവുകയാണ്. സംഭവത്തിൽ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പരാജയത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.

