ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ പ്രധാന സമ്മേളനങ്ങൾ ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി തന്ത്രപ്രധാനമായ ഉഭയകക്ഷി ചർച്ചകൾ നടത്തും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചയോടെ ഡൽഹിയിലെത്തും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യ–ചൈന നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതും അതിർത്തിയിലെ സമാധാനം ഉറപ്പാക്കുന്നതും കൂടിക്കാഴ്ചയുടെ പ്രധാന വിഷയങ്ങളാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയും ചൈനയും തന്ത്രപ്രധാനവും ദീർഘകാലവുമായ കാഴ്ചപ്പാടോടെ ബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്നും ആശയവിനിമയവും സഹകരണവും വർധിപ്പിക്കണമെന്നും ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് വ്യക്തമാക്കി.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തുടങ്ങിയ നേതാക്കൾ ഇതിനകം ഡൽഹിയിലെത്തി ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. ഉക്രെയ്ൻ, പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളും വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും.
അമേരിക്ക–ചൈന സംഘർഷങ്ങളും വിവിധ മേഖലകളിലെ യുദ്ധങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. ആഗോള ഭരണ സംവിധാനത്തിൽ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതും ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

