ഇറാഖിൽ യാത്രാബസ് അപകടത്തിൽ തീപിടിത്തം; 21 പേർ മരിച്ചു

ബാഗ്ദാദ്: തെക്കൻ ഇറാഖിൽ യാത്രാബസ് അപകടത്തിൽപ്പെട്ട് തീപിടിച്ചതിനെ തുടർന്ന് 21 പേർ മരിച്ചു. 19 മുതൽ 20 വരെ പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ശിയാ മുസ്ലിംകളുടെ പ്രധാന തീർഥാടനകേന്ദ്രമായ നജഫിൽ നിന്ന് തുറമുഖ നഗരമായ ബസ്റയിലേക്ക് പോവുകയായിരുന്ന ബസാണ് ഞായറാഴ്ച ധി ഖാർ പ്രവിശ്യയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് വാഹനം തീപിടിച്ച് കത്തിനശിച്ചു. നിരവധി മൃതദേഹങ്ങൾ ഗുരുതരമായി കരിഞ്ഞതിനാൽ തിരിച്ചറിയൽ നടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

മരിച്ചവരിൽ രണ്ട് ഇറാൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ രണ്ട് ഇറാൻ പൗരന്മാരെ ചികിത്സയ്ക്കായി ഇറാനിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. റോഡിന്റെ മോശം അവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടത്തിന് കാരണമായിരിക്കാമെന്ന് പ്രാദേശിക അധികൃതർ ചൂണ്ടിക്കാട്ടി. അപകടകാരിയായതായി മുമ്പ് തന്നെ ചൂണ്ടിക്കാണിച്ചിരുന്ന റോഡിലാണ് സംഭവം നടന്നതെന്നും അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *