മെൽബൺ: വടക്കൻ മെൽബണിലെ വോളർട്ടിൽ 11,000 ടൺ മലിനമണ്ണും വ്യാവസായിക മാലിന്യങ്ങളും തള്ളിയ കേസിൽ കുറ്റക്കാരനായ മുഹമ്മദ് യാസിൻ യൂസഫ് സാദിക്കിന് കോടതി വിധിച്ചത് തുച്ഛമായ തുക മാത്രം പിഴ. പരിസ്ഥിതി നിയമലംഘനത്തിന് 10,000 ഡോളറും പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ നിയമച്ചെലവിലേക്കായി 5,000 ഡോളറും അടയ്ക്കാനാണ് വിധി. അതേസമയം, ഈ പ്രദേശം ശുചീകരിക്കാൻ വിറ്റിൽസീ കൗൺസിലിന് ചെലവായത് 30 ലക്ഷത്തോളം ഡോളറാണ്. ഈ തുക മുഴുവൻ പ്രദേശവാസികളിൽ നിന്ന് നികുതിപ്പണമായി ഈടാക്കേണ്ടി വരുന്ന അവസ്ഥയിലാണ് കൗൺസിൽ.
2021-ലാണ് സാദിക് പാട്ടത്തിനെടുത്ത കൗൺസിൽ ഭൂമിയിൽ വൻതോതിൽ മാലിന്യം തള്ളിയത്. ഇപിഎ നടത്തിയ പരിശോധനയിൽ ഏഴിടങ്ങളിൽ മാരകമായ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 2026 ഓഗസ്റ്റിലാണ് പരിസ്ഥിതി കുറ്റകൃത്യങ്ങൾക്ക് സാദിക് ശിക്ഷിക്കപ്പെട്ടത്.
മാലിന്യങ്ങൾ നീക്കം ചെയ്യാനായി ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ച വിറ്റിൽസീ കൗൺസിൽ, ഈ തുക തിരിച്ചുപിടിക്കാൻ സാദിക്കിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. കൃത്യമായ നിയമപ്രകാരം മാലിന്യം സംസ്കരിക്കുന്നതിനേക്കാൾ ലാഭകരമാണ് നിയമവിരുദ്ധമായി തള്ളുന്നതും തുച്ഛമായ പിഴ അടയ്ക്കുന്നതുമെന്ന അവസ്ഥ ഇത്തരം ലഘുവായ ശിക്ഷകൾ ഉണ്ടാക്കുമെന്ന് പരിസ്ഥിതി നിയമ വിദഗ്ധൻ ബ്രാഡ് ജെസ്സപ്പ് മുന്നറിയിപ്പ് നൽകി. വൻതോതിൽ മാലിന്യം തള്ളുന്ന കുറ്റവാളികളിൽ നിന്ന് തന്നെ മുഴുവൻ ശുചീകരണച്ചെലവും ഈടാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

