ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപം ഉണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് കേന്ദ്ര ഗവണ്‍മെന്റ് വെളിപ്പെടുത്തി. സ്‌ഫോടന ദുരന്തത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും മൗനാചരണം നടത്തുകയും ചെയ്തു. ഏതൊരു രൂപത്തിലും ഭീകരതയോട് സന്ധിയില്ലെന്ന് യോഗം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടവരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി.
ഈ സംഭവത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച ലോക രാജ്യങ്ങള്‍ക്ക് മന്ത്രിസഭായോഗം നന്ദി രേഖപ്പെടുത്തി. ഭീകരവാദികളെ സ്‌പോണ്‍സര്‍ ചെയ്തവരെ ഉള്‍പ്പെടെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടണമെന്ന് യോഗം തീരുമാനിച്ചു. ഉന്നത തലത്തില്‍ സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര മന്ത്രിസഭ അറിയിച്ചു.

