ജനീവ: ആഗോള ആരോഗ്യമേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്ന നിർണ്ണായക പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). വൈദ്യശാസ്ത്ര ചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കുന്ന കാൻസറായി സെർവിക്കൽ കാൻസർ (ഗർഭാശയഗള കാൻസർ) മാറുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോക സെർവിക്കൽ കാൻസർ നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട പുതിയ പ്രസ്താവനയിലാണ് ലോകാരോഗ്യ സംഘടന ഈ ശുഭാപ്തിവിശ്വാസം പങ്കുവെച്ചത്.
ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ സെർവിക്കൽ കാൻസർ ബാധിച്ച് മരിക്കുന്നുവെന്നാണ് ഞെട്ടിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ ഈ മാരക രോഗത്തെ പൂർണ്ണമായും തുടച്ചുനീക്കാൻ കഴിയുമെന്ന് സംഘടന വ്യക്തമാക്കുന്നു. എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനേഷൻ, കൃത്യമായ ഇടവേളകളിലുള്ള സ്ക്രീനിംഗ് പരിശോധനകൾ, രോഗം നേരത്തെ കണ്ടെത്തിയാലുള്ള ഫലപ്രദമായ ചികിത്സ എന്നിവയിലൂടെ സെർവിക്കൽ കാൻസറിനെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും.
കാൻസറുകളിൽ വെച്ച് പ്രതിരോധ വാക്സിനിലൂടെ തടയാൻ സാധിക്കുന്ന അപൂർവ്വം രോഗങ്ങളിലൊന്നാണിത്. മിക്കവാറും എല്ലാ സെർവിക്കൽ കാൻസർ കേസുകൾക്കും പിന്നിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ കൗമാരപ്രായത്തിൽ തന്നെ പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിൻ നൽകുന്നതിലൂടെ രോഗസാധ്യത വലിയൊരളവിൽ ഇല്ലാതാക്കാൻ സാധിക്കുമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

