ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ്; മൂന്ന് കുട്ടികൾ മരിച്ചു

ഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് (CHPV) ആശങ്കയുണർത്തുന്നു. സംസ്ഥാനത്ത് വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്ന് കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്. പഞ്ച്മഹൽ ജില്ലയിൽ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികൾ മരിച്ചതിന് പിന്നാലെ സബർകാന്ത ജില്ലയിലെ ഹിമത്‌നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരനും മരണപ്പെട്ടു. നിലവിൽ കൂടുതൽ കുട്ടികൾ നിരീക്ഷണത്തിലും ചികിത്സയിലുമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

റാബ്ഡോവിരിഡേ (Rhabdoviridae) കുടുംബത്തിൽപ്പെടുന്ന ചാന്ദിപുര വൈറസ് പ്രധാനമായും ഒമ്പത് മാസം മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. മഴക്കാലത്താണ് രോഗവ്യാപന സാധ്യത കൂടുതലുള്ളത്. മണൽ ഈച്ചകൾ (sand flies), കൊതുകുകൾ, ടിക്കുകൾ എന്നിവയിലൂടെയാണ് വൈറസ് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി സ്ഥിരീകരിച്ചിട്ടില്ല.

ഉയർന്ന പനി, ഛർദ്ദി, വയറിളക്കം, തലവേദന, അപസ്മാരം, അബോധാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായാൽ വൈറസ് തലച്ചോറിനെ ബാധിച്ച് എൻസെഫലൈറ്റിസിനും മരണത്തിനും കാരണമായേക്കാം. നിലവിൽ രോഗത്തിന് പ്രത്യേക മരുന്നോ വാക്സിനോ ലഭ്യമല്ല. അതിനാൽ രോഗം നേരത്തെ കണ്ടെത്തി പിന്തുണാപരമായ ചികിത്സ നൽകുകയും കൊതുക്, മണൽ ഈച്ച തുടങ്ങിയ രോഗവാഹകരുടെ കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രതിരോധ മാർഗം.

Leave a Reply

Your email address will not be published. Required fields are marked *