തിരൂർ: മലപ്പുറം തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 7.30ഓടെ സിവിൽ സ്റ്റേഷനിലെ പാർക്കിങ് ഷെഡിന് സമീപം ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. സിവിൽ സ്റ്റേഷൻ വളപ്പിൽ ആളൊഴിഞ്ഞ ഭാഗത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഡിവൈ.എസ്.പി. എ.എം. സിദ്ദിഖ്, തിരൂർ എസ്.ഐമാരായ എൻ.ആർ. സുജിത്ത്, ടി. നസീർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം ശാസ്ത്രീയ പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പഴക്കവും മരണകാരണവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ വ്യക്തമാകൂ. ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയതെന്നതിനാൽ വിവിധ സാധ്യതകൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സമഗ്രമായ അന്വേഷണത്തിനുശേഷമേ കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.

