ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു; കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കാൻ പൊലിസ്

കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കാൻ പൊലിസ് നടപടി തുടങ്ങി. ഇതിനായി എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അപകടമുണ്ടാക്കിയ കാർ രജിസ്റ്റർ ചെയ്തിരിക്കുന്ന അഡീഷണൽ ജില്ലാ ജഡ്ജിയെ പൊലിസ് ചോദ്യം ചെയ്തു.

ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിലെത്തിയാണ് ജഡ്ജിയെ ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നാണ് ജഡ്ജി പൊലിസിന് നൽകിയ മൊഴി. അപകടത്തിൽപ്പെട്ട ബെൻസ് കാറിന്റെ രജിസ്ട്രേഷൻ ഉടമയായ ജഡ്ജിയെ കേസിൽ പ്രതിചേർത്തിട്ടുണ്ട്.

17കാരൻ ലൈസൻസ് എടുക്കുന്നത് തടയാൻ മോട്ടോർ വാഹനവകുപ്പ് നടപടികൾ സ്വീകരിക്കുന്നുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം 25 വയസ്സുവരെ ലൈസൻസ് അനുവദിക്കാതിരിക്കാനാണ് നീക്കം. അപകടത്തിൽപ്പെട്ട ബെൻസ് കാറിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യും.

ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്റെ സ്കൂട്ടറിൽ ബെൻസ് കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജയബാലകൃഷ്ണൻ മരിച്ചു.

സംഭവത്തിൽ തുടക്കത്തിൽ പൊലിസ് സ്വീകരിച്ച നടപടികൾക്കെതിരെ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുകയും അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.

കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കാനുള്ള പൊലിസിന്റെ അപേക്ഷയിൽ കോടതിയുടെ തീരുമാനം വരാനിരിക്കെയാണ് കേസിൽ കൂടുതൽ നടപടികൾ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *