കൊച്ചി: ചികിത്സാരംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച ഗോൾഡൻ ജൂബിലി ബ്ലോക്കിന്റെയും ജനകീയ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഗുണമേന്മയുള്ള ചികിത്സ താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആശുപത്രി നടപ്പാക്കുന്ന ജനകീയ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
സാധാരണക്കാരായ രോഗികൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. സുവർണ്ണ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ സഹായങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 50 ദിവസത്തേക്ക് 50 അർഹരായ രോഗികൾക്ക് ആശുപത്രി ബില്ലുകളിൽ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ്, കാൻസർ സർജറികൾ, കാൽമുട്ട് മാറ്റിവയ്ക്കൽ തുടങ്ങിയ പ്രധാനപ്പെട്ട ശസ്ത്രക്രിയകൾക്ക് 50 ശതമാനം സൗജന്യവും ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷ താങ്ങാനാവുന്നതാക്കുകയാണ് ‘ആധുനിക ചികിത്സ സാധാരണക്കാരിലേക്ക്’ എന്ന ദൗത്യത്തിലൂടെ ആശുപത്രി ലക്ഷ്യമിടുന്നത്.
ആരോഗ്യരംഗം വൻകിട കമ്പനികൾ ഏറ്റെടുക്കുന്ന പ്രവണത ശക്തമാകുന്നത് സാധാരണക്കാരുടെ ചികിത്സാച്ചെലവ് വർദ്ധിക്കാൻ ഇടയാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികൾക്കു പുറമേ രോഗനിർണയ കേന്ദ്രങ്ങൾ, പത്തോളജി, റേഡിയോളജി സംവിധാനങ്ങൾ, മരുന്ന് നിർമാണ-വിതരണ മേഖലകൾ എന്നിവയിലും വൻകിട കമ്പനികളുടെ ഇടപെടൽ വർധിക്കുകയാണ്. ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം ഇടപെടലുകൾക്കിടയിൽ സാധാരണക്കാരനും ഇടത്തരക്കാർക്കും ആവശ്യമായ ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുത്. രോഗം വന്നാൽ വീടും സ്ഥലവും പണയപ്പെടുത്തേണ്ടിവരുന്ന അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിൽ സർക്കാർ, സഹകരണ മേഖലകളിലെ ആശുപത്രികൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായമായ നിരക്കിൽ ബൈപാസ് ശസ്ത്രക്രിയകൾ നടത്താൻ കഴിയുമെന്ന ഉറപ്പുള്ളതിനാലാണ് നിരവധി രോഗികളെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് ശുപാർശ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. രോഗനിർണയ പരിശോധനകൾ ന്യായമായ നിരക്കിൽ ലഭ്യമാക്കുന്നതിനും സർക്കാർ തലത്തിൽ ഇടപെടലുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വിലകൂടിയ മരുന്നുകൾക്ക് ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാത്ത കുറഞ്ഞ ചെലവിലുള്ള ബദലുകൾ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മരുന്നുകളുടെ വില കുറയുമ്പോൾ രോഗികൾക്ക് യഥാർഥത്തിൽ അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരു ചികിത്സാ ഘടകത്തിന്റെ വില കുറയുമ്പോൾ മറ്റു സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ച് ആനുകൂല്യം ഇല്ലാതാക്കുന്ന പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും പരിശോധനകൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്തെ ചൂഷണത്തിനെതിരെ പൊതുസമൂഹം ഒന്നിച്ച് നിലകൊള്ളണം. സാധാരണക്കാരെ ചേർത്തുപിടിച്ച് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ചികിത്സ നൽകാൻ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പോലുള്ള സ്ഥാപനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ കൊച്ചിന് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്സ് സൊസൈറ്റി പ്രസിഡന്റ് എം.ഒ. ജോണ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, മുഹമ്മദ് ഷിയാസ്, ആശുപത്രി സഹകരണ സംഘം സെക്രട്ടറി അജയ് തറയിൽ, വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, ആശുപത്രി ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

