തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സ്ത്രീസുരക്ഷയും സൗജന്യ വൈദ്യുതിയും ഉൾപ്പെടെയുള്ള പ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം പ്രത്യേക സേന രൂപീകരിക്കാൻ അദ്ദേഹം ഉത്തരവിട്ടു. കൂടാതെ ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു.
ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി പ്രത്യേക ദൗത്യസംഘവും രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലഹരി മാഫിയയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക സർക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണെന്നും സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക ഹെൽപ്‌ലൈനും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം എന്നീ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നും കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും വിജയ് പറഞ്ഞു. സുതാര്യമായ ഭരണമായിരിക്കും സർക്കാർ മുന്നോട്ട് വയ്ക്കുകയെന്നും ഭരണത്തിൽ പല അധികാരകേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

