തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് ആഭ്യന്തര തർക്കവുമായി ബന്ധപ്പെട്ട് എംഎൽഎ രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചതായി കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്. എം.എം. ഹസൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ എംഎൽഎ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും ഇടപെടേണ്ടിയിരുന്നുവെന്നാണ് സമിതിയുടെ വിലയിരുത്തൽ.
രമ്യ ഹരിദാസിനെതിരെ കടുത്ത അച്ചടക്ക നടപടി വേണ്ടെന്നും താക്കീതിൽ നടപടി ഒതുക്കാമെന്നുമാണ് അന്വേഷണ സമിതിയുടെ ശുപാർശയെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പാർട്ടിക്ക് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതായി വാർത്തകൾ പറയുന്നു.
ചിറയിൻകീഴിലെ സംഭവത്തിൽ പാളയം പ്രദീപിനെയും എസ്. സജാദിനെയും കോൺഗ്രസ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സംഭവവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് അന്വേഷണ സമിതിക്ക് മുമ്പാകെ വിശദീകരണം നൽകിയിരുന്നു. തുടർന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി വീണ്ടും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടർനടപടി സംബന്ധിച്ച തീരുമാനം കെപിസിസി നേതൃത്വമാണ് എടുക്കേണ്ടത്.

