സൗരവ് ദാസിന്റെയും അശുതോഷ് റാങ്കെയുടെയും മോചനം വൈകിപ്പിക്കുന്നതായി സിജെപി

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കെയുടെയും ജയിൽമോചനം ബോധപൂർവം വൈകിപ്പിക്കുന്നതായി ആരോപണം. നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇരുവർക്കും ജാമ്യം നിഷേധിക്കുകയാണെന്നും നിയമവ്യവസ്ഥ ദുരുപയോഗം ചെയ്യുകയാണെന്നും സിജെപി ആരോപിച്ചു. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് പാർട്ടിയുടെ പോളിസി ഹെഡ് മെഹർ പഷ്രീച്ച വ്യക്തമാക്കി.

ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രവേശിച്ച് പ്രതിഷേധം നടത്തിയെന്നാരോപിച്ചാണ് ഒക്ടോബർ 13ന് ഇരുവരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ചത്. മോചനം ആവശ്യപ്പെട്ട് സിജെപി നിയമനടപടികൾ ശക്തമാക്കാനാണ് നീക്കം.

ഒക്ടോബർ 19ന് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി. ജാമ്യത്തിനായി സമർപ്പിച്ച ആൾജാമ്യ രേഖകൾ അംഗീകരിക്കാത്തതും തുടർനടപടികൾ വൈകുന്നതുമാണ് തർക്കത്തിന് കാരണമായത്. മോചനം വൈകിപ്പിക്കുന്നുവെന്ന സിജെപിയുടെ ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *