തിരാന: അൽബേനിയയിൽ സർക്കാർ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭം ശക്തമായതോടെ തലസ്ഥാനമായ തിരാനയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷം. തുടർച്ചയായ മൂന്നാം ദിവസവും പ്രക്ഷോഭം രൂക്ഷമായതോടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കെട്ടിടമുൾപ്പെടെ പൊതുസ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന്റെ വർധിച്ചുവരുന്ന ചെലവ്, സർവകലാശാലകളിലെ സൗകര്യക്കുറവ്, യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിലെ പ്രതിസന്ധി, അഴിമതി ആരോപണങ്ങൾ എന്നിവയാണ് പ്രക്ഷോഭത്തിന് പിന്നിലെ പ്രധാന വിഷയങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറുമായി ബന്ധമുള്ള ആഡംബര റിസോർട്ട് പദ്ധതിക്കായി തെക്കൻ തീരത്തെ ഭൂമി വികസിപ്പിക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധവും സമരത്തിന് ശക്തിപകർന്നു.
പ്രതിഷേധം അക്രമാസക്തമായതോടെ സർക്കാർ കെട്ടിടങ്ങൾക്കും ബാങ്കുകൾക്കും നാശനഷ്ടമുണ്ടായതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസിനു നേരേ പ്രതിഷേധക്കാർ കല്ലും മറ്റ് വസ്തുക്കളും എറിഞ്ഞതിനെത്തുടർന്നാണ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവങ്ങളിൽ അറസ്റ്റുകളും ഉണ്ടായിട്ടുണ്ട്.
പ്രധാനമന്ത്രി എഡി രാമ രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ രാജിവയ്ക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കുകയും രാജ്യത്തെ മുന്നോട്ടുനയിക്കുകയുമാണ് തന്റെ ഉത്തരവാദിത്വമെന്ന് രാമ വ്യക്തമാക്കി. അക്രമത്തിലൂടെ ആവശ്യങ്ങൾ നേടിയെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ യൂണിയൻ അംഗത്വം ലക്ഷ്യമിട്ട് മുന്നോട്ടുപോകുന്ന അൽബേനിയയിൽ പുതിയ പ്രക്ഷോഭം സർക്കാരിന് രാഷ്ട്രീയ സമ്മർദം വർധിപ്പിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങളും ജീവിതച്ചെലവിലെ വർധനയും യുവാക്കളുടെ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും പ്രതിഷേധത്തിന്റെ വ്യാപ്തി കൂട്ടുന്നതായാണ് റിപ്പോർട്ടുകൾ.

