സോഷ്യൽ മീഡിയയിലെ വിവാദ പോസ്റ്റ്; തൊടുപുഴ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ

തൊടുപുഴ: മതസ്പർധ വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങളോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ. വിജേഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഓണപ്പൂക്കളം ഒരു സ്ത്രീ തട്ടിമറിക്കുന്ന പഴയ സി.സി.ടി.വി ദൃശ്യവുമായി ബന്ധപ്പെട്ട പോസ്റ്റിനൊപ്പമാണ് വിവാദ പരാമർശം പങ്കുവെച്ചതെന്നാണ് റിപ്പോർട്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധവും പരാതികളും ഉയർന്നിരുന്നു.

വിവാദമായതിനെ തുടർന്ന് ഉദ്യോഗസ്ഥൻ പിന്നീട് പോസ്റ്റ് പിൻവലിച്ചതായും വിവരമുണ്ട്. പൊലീസ് സേനയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പ്രാഥമിക വിലയിരുത്തലിലാണ് അന്വേഷണവിധേയമായി സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ സമഗ്രമായ വകുപ്പുതല അന്വേഷണം നടത്തുമെന്നും പോസ്റ്റിന്റെ ഉള്ളടക്കം, സാഹചര്യങ്ങൾ, ഉദ്യോഗസ്ഥന്റെ വിശദീകരണം എന്നിവ വിശദമായി പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. നിയമപാലകരായ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഇടപെടലുകൾ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നതിനാൽ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *