വെള്ളം ലാഭിക്കാൻ നിർമ്മിച്ച നേറ്റീവ് ഗാർഡൻ പൊളിച്ചുമാറ്റാൻ കൗൺസിൽ ഉത്തരവ്; ഉടമ ചെലവാക്കിയത് 800 ഡോളർ

പെർത്ത്: വീടിന് മുന്നിലെ പുൽത്തകിടി മാറ്റി വെള്ളം ലാഭിക്കാൻ സഹായിക്കുന്ന തദ്ദേശീയ സസ്യങ്ങൾ (നേറ്റീവ് ഗാർഡൻ) വെച്ചുപിടിപ്പിച്ച വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വീട്ടുടമസ്ഥന് അത് പൂർണ്ണമായും നീക്കം ചെയ്യാൻ ലോക്കൽ കൗൺസിലിന്റെ ഉത്തരവ്. ഏകദേശം 800 ഡോളറോളം ചെലവഴിച്ചാണ് റോഡരികിലെ സ്ഥലത്ത് (വെർജ്) ഉടമ മനോഹരമായ ഈ തോട്ടം നിർമ്മിച്ചത്. എന്നാൽ കൗൺസിലിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് ഇത് സ്ഥാപിച്ചതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

വീടിന് മുന്നിലെ ഈ പൊതുസ്ഥലത്തെ പുല്ലുവെട്ടി വൃത്തിയാക്കി പരിപാലിക്കുന്നത് തങ്ങൾ തന്നെയാണെന്നും അതിനാൽ പരിസ്ഥിതി സൗഹൃദമായ ഒരു മാറ്റത്തിനാണ് ശ്രമിച്ചതെന്നും ഉടമ വ്യക്തമാക്കുന്നു. എന്നാൽ വീടിന് മുന്നിലെ ഈ ഭാഗങ്ങൾ പൊതുഭൂമിയായാണ് കണക്കാക്കുന്നതെന്നും കാര്യമായ മാറ്റങ്ങൾ വരുത്തുമ്പോൾ കൗൺസിലിന്റെ പ്രത്യേക അനുമതി നിർബന്ധമാണെന്നുമാണ് കൗൺസിൽ നിലപാട്. തോട്ടം പൂർണ്ണമായി നീക്കം ചെയ്യുന്നതിന് മുൻപ് കൗൺസിലുമായി സംസാരിച്ച് പരിഹാരം കണ്ടെത്താൻ ഉടമയ്ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.

സ്വന്തം ചെലവിൽ പരിപാലിക്കേണ്ടി വരുന്ന ഇത്തരം സ്ഥലങ്ങളിൽ പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങൾ വരുത്താൻ വീട്ടുടമകൾക്ക് സ്വാതന്ത്ര്യം നൽകണമോ, അതോ കൗൺസിൽ നിയമങ്ങളും മുൻകൂർ അനുമതിയും തന്നെ കർശനമായി പാലിക്കപ്പെടണമോ എന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *