തമിഴ്‌നാട്ടിലെ ഗോവധ നിരോധനം; ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നതിന് ഏർപ്പെടുത്തിയ സമ്പൂർണ്ണ നിരോധനം നിയമപരമായ ചട്ടക്കൂടുകൾക്ക് അപ്പുറമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. 1958-ലെ തമിഴ്‌നാട് അനിമൽ പ്രിസർവേഷൻ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവെന്നും സർക്കാർ വാദിക്കുന്നു.

കഴിഞ്ഞ മെയ് 27-നാണ് ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മീനാരായണൻ എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പശുവിനെ അറുക്കുന്നതിന് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി ഉത്തരവിട്ടത്. മൃഗങ്ങളെ അറുക്കുന്നത് നിശ്ചിത കശാപ്പുശാലകളിൽ മാത്രമേ പാടുള്ളൂ എന്ന് വ്യക്തമാക്കിയ കോടതി, ബക്രീദ് ദിനത്തിലോ മറ്റ് ഏതെങ്കിലും ദിവസങ്ങളിലോ പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവ് പരസ്പരവിരുദ്ധവും നിലവിലുള്ള നിയമത്തിന്റെ വ്യാപ്തിക്ക് പുറത്തുള്ളതുമാണെന്ന് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *