ക്രോണ്‍സ് രോഗം, കൊച്ചിയില്‍ വിപുലമായ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു;പ്രശസ്ത പിന്നണി ഗായികയും അവതാരകയുമായ ആശാലത ഉദ്ഘാടനം ചെയ്തു


കൊച്ചി: ലോക ഐബിഡി (ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ്) ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി പനമ്പിള്ളി നഗറിലെ കെഎംഎ ഹാളില്‍ വിപുലമായ രോഗീ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. എം ആന്‍ഡ് എം ഗാസ്‌ട്രോ കെയര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി പ്രശസ്ത റേഡിയോ അവതാരകയും ഗായികയുമായ ആശാലത ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

എല്ലാ രോഗങ്ങളുടെയും ഉറവിടം മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നാണെന്നും, അതില്‍ നിന്നു മുക്തമായി ജീവിതത്തില്‍ സന്തോഷം കണ്ടെത്തുകയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള വഴിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ആശാലത പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അള്‍സറേറ്റീവ് കൊളൈറ്റിസും, കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രോണ്‍സ് രോഗവും വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകളെന്ന് ക്യാമ്പിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഈ രംഗത്തെ നൂതന ചികിത്സാരീതികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അവര്‍ വ്യക്തമാക്കി.

ക്യാമ്പില്‍ പ്രമുഖ ഗാസ്‌ട്രോസര്‍ജന്‍ ഡോ.മനോജ് അയ്യപ്പത്ത് എന്താണ് ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ്, ഇത് എങ്ങനെ ഉണ്ടാകുന്നു, ക്രോണ്‍സ് രോഗത്തിലെ ശസ്ത്രക്രിയകള്‍, എന്നീ വിഷയങ്ങളിലും, ഗാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. മായ പീതാംബരന്‍ ഐബിഡി രോഗികളിലെ ജീവിതശൈലി, ഈ രംഗത്തെ പുതിയ ചികിത്സകള്‍ എന്നീ വിഷയങ്ങളിലും ക്ലാസുകള്‍ നയിച്ചു.മുതിര്‍ന്ന സൈക്യാട്രിസ്റ്റ് ഡോ. സേവ്യര്‍ പി.ജെ. രോഗബാധിതരിലെ മാനസികാരോഗ്യത്തെക്കുറിച്ചും സംസാരിച്ചു.

പ്രമുഖ ഡയറ്റീഷ്യനും യോഗ ട്രെയിനറുമായ ഉമ കല്യാണി ഐബിഡി രോഗികള്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കൃത്യമായ ആഹാരരീതികളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് ഐബിഡി ബാധിതരായ രോഗികള്‍ തങ്ങളുടെ അനുഭവങ്ങള്‍ ക്യാമ്പില്‍ പങ്കുവെച്ചു. വിവിധ കലാപരിപാടികളോടെയും ഉച്ചഭക്ഷണത്തോടെയുമാണ് രോഗീ ബോധവല്‍ക്കരണ ക്യാമ്പ് സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *