മെൽബൺ: ഓസ്ട്രേലിയയിലെ മലയാളി സാംസ്കാരിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വിപഞ്ചിക ഗ്രന്ഥശാല മെൽബണിന്റെ പത്താം വാർഷിക ആഘോഷങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ‘ദശകം 2026’ എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ സാംസ്കാരിക സമ്മേളനവും കലാവിരുന്നും വരുന്ന ജൂലൈ 11 ശനിയാഴ്ച ബോക്സ് ഹിൽ ടൗൺ ഹാളിൽ വെച്ചാണ് നടക്കുന്നത്.
ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായി മലബാറിന്റെ തനത് പുണ്യകലാരൂപമായ തെയ്യം പ്രവാസ മണ്ണിൽ വിരുന്നെത്തുന്നു എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ ഏറ്റവും വലിയ സവിശേഷത. നാട്ടിൽ നിന്നെത്തുന്ന പ്രശസ്ത തെയ്യം കലാകാരന്മാർ പരമ്പരാഗത തനിമയോടെ അവതരിപ്പിക്കുന്ന ‘പറശ്ശിനിക്കടവ് മുത്തപ്പൻ വെള്ളാട്ടം (തെയ്യം)’ ഈ ആഘോഷരാവിന് ഭക്തിസാന്ദ്രമായ അന്തരീക്ഷം പകരും. ഈ സാംസ്കാരിക മഹാമേളയുടെ പ്രധാന ആകർഷണവും ഇതുതന്നെയാണ്.
തെയ്യത്തോടൊപ്പം കാണികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന വിവിധ നാടകങ്ങളും വേദിയിൽ അരങ്ങേറും. ‘മറിമായം’ ഫെയിം ഉണ്ണിരാജ്, ഏഷ്യാനെറ്റ് ‘മുൻഷി’ ഫെയിം ബിജു ഇരിണാവ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘കപികുലം’ എന്ന ഹാസ്യനാടകവും, ഗിരീഷ് അവണൂരിന്റെ സംവിധാനത്തിൽ കെപ്റ്റ മെൽബൺ അവതരിപ്പിക്കുന്ന ‘പുലിജന്മം’ എന്ന അമേച്ചർ നാടകവും ഈ സന്ധ്യയ്ക്ക് മാറ്റുകൂട്ടും.
കേവലം 25 ഡോളറിന്റെ ഫുഡ് കൂപ്പൺ എടുത്ത് പേര് രജിസ്റ്റർ ചെയ്യുന്നതിലൂടെ ഏവർക്കും ഈ പരിപാടിയിൽ തികച്ചും സൌജന്യമായി പങ്കുചേരാവുന്നതാണ്. പ്രവേശനം രജിസ്ട്രേഷൻ വഴി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, താല്പര്യമുള്ളവർ ഔദ്യോഗിക പോസ്റ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്തോ ലിങ്ക് വഴിയോ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
സഞ്ജയ് പരമേശ്വരൻ: +61 433 147 235
ഗിരീഷ് അവണൂർ: +61 490 022 557
മലബാറിന്റെ കളിവിളക്കിൻ വെളിച്ചവും നാടകവേദിയുടെ പെരുമയും നുകരാൻ മെൽബണിലെ മുഴുവൻ കലാപ്രേമികളെയും കുടുംബസമേതം വിപഞ്ചിക ഗ്രന്ഥശാല ഭാരവാഹികൾ ഹാർദ്ദവമായി സ്വാഗതം ചെയ്തു.


