കാര്‍ സ്‌ഫോടനം വലിയ പദ്ധതിക്കുള്ള ഒരുക്കത്തിനിടെ, വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുന്നതിന് ഒരുക്കം

ന്യുഡല്‍ഹി: പതിമൂന്നു പേര്‍ കൊല്ലപ്പെട്ട ചെങ്കോട്ടയിലെ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ തെളിയുന്നത് വളരെ വിപുലമായ ആക്രമണ പരമ്പരയ്ക്കുള്ള ഭീകര പദ്ധതി. മൂപ്പത്തിരണ്ട് വാഹനങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഏകോപിതമായ ആക്രമണങ്ങള്‍ നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് രഹസ്യാന്വേഷണ സംഘം കണ്ടെത്തി. ഇതിനായി രൂപമാറ്റം വരുത്തിയ ഐ20, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ ഐ20 ആണ് ഡല്‍ഹിയില്‍ പൊട്ടിത്തെറിക്കുന്നത്. വേറെയും പഴയ വാഹനങ്ങള്‍ ഇതിനായി ഒരുക്കിയിരുന്നോ എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ നാല് ഇടങ്ങളിലായി രണ്ടു പേരടങ്ങുന്ന സംഘം എത്തിച്ചേര്‍ന്ന് സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഒരേ സമയം ആക്രമണം നടത്തുന്നതിനായി ഓരോ ഗ്രൂപ്പും ഒന്നിലധികം ഐഇഡി ബോംബുകളുമായി നീങ്ങുന്നതായിരുന്നു പദ്ധതിയുടെ രീതി. എന്നാല്‍ ഇതിന്റെ ആദ്യ ഘട്ടത്തിലെ ആലോചനകള്‍ നടക്കുന്നതിനിടെയാണ് കാറിലെ സ്‌ഫോടക വസ്തുക്കള്‍ ഡല്‍ഹിയില്‍ പൊട്ടിത്തെറിക്കുന്നത്. ഈ പൊട്ടിത്തെറി ആസൂത്രിത പദ്ധതിയുടെ ഭാഗമായിരുന്നില്ലെന്നാണ് ഇപ്പോഴും അന്വേഷണ ഏജന്‍സികളുടെ വിശ്വാസം. ഉദ്ദേശിക്കാത്ത രീതിയിലാണ് ഈ പൊട്ടിത്തെറി സംഭവിച്ചതത്രേ.

ആസൂത്രണ ഘട്ടത്തില്‍ തന്നെ ഡോ. മുസമ്മില്‍, ഡോ. അദീല്‍, ഡോ. ഷഹീന്‍ എന്നിവര്‍ പിടിക്കപ്പെടുകയായിരുന്നു. ഇതോടെ ഡല്‍ഹിയിലായിരുന്ന ഡോ. ഉമര്‍ സ്‌ഫോടക വസ്തുക്കള്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം എന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *